‘വാഴയും തെങ്ങിൻതൈകളും നശിപ്പിച്ചു’; ചെമ്പനോട മേഖലയിലെ കൃഷിയിടത്തിൽ കാട്ടാന ആക്രമണം പതിവാകുന്നു


പേരാമ്പ്ര: കാട്ടാനയുടെ ആക്രമണത്തിൽ പൊറുതിമുട്ടി ചെമ്പനോട മേഖലയിലെ കർഷകർ. ആന കൃഷിയിടത്തിലിറങ്ങി കാർഷിക വിളകൾ നശപ്പിക്കുന്നത് പതിവാകുന്നു. ചെമ്പനോട ആലമ്പാറയിലും കഴിഞ്ഞ ദിവസം കാട്ടാന കൃഷി നശിപ്പിച്ചു. പാലറ ലില്ലി, പാലാപറമ്പിൽ ലൂസി എന്നിവരുടെ പറമ്പിലെ വാഴയും തെങ്ങിൻതൈയുമാണ് നശിപ്പിച്ചത്.

ആലമ്പാറ മേഖലയിൽ മാസങ്ങളായി കാട്ടാന കൃഷി നശിപ്പിക്കുന്നത് തുടരുകയാണ്. കുന്നക്കാട്ട് ആല്‍ബിന്റെ കൃഷിയിടത്തിലെ വാഴകളും കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചിരുന്നു. നാട്ടുകാര്‍ പടക്കം പൊട്ടിച്ചാണ് കാട്ടാനയെ തുരത്തിയത്.

ആലമ്പാറയ്ക്ക് പുറമേ പൂഴിത്തോട് മേഖലയിലും ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഈ മേഖലയിലെ കര്‍ഷകരായ സന്തോഷ് ഇടമണ്ണേല്‍, ചെറിയാന്‍ പന്തപ്ലാക്കല്‍, ഷാജു ഇടമണ്ണേല്‍ തുടങ്ങിയവരുടെ കൃഷിടങ്ങളിലാണ് നാശനഷ്ടം വരുത്തിയത്. പതിവായി ആനകൾ കൃഷിനാശം വരുത്തുന്നതുമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ രക്ഷിക്കാന്‍ വനം വകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ഷരുടെ ആവശ്യം.