ചക്കിട്ടപ്പാറ പന്നിക്കോട്ടൂരില്‍ കാട്ടാന വിളയാട്ടം തുടരുന്നു; ഒരാഴ്ചയ്ക്കിടെ കാട്ടാനയിറങ്ങുന്നത് നാലാംതവണ


[top]

ചക്കിട്ടപ്പാറ: ചക്കിട്ടപാറ പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട പന്നിക്കോട്ടൂര്‍ കോളനിയില്‍ വീണ്ടും കാട്ടാനയിറങ്ങി. നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. പന്നിക്കോട്ടൂരിലെ കര്‍ഷകന്‍ ഇടച്ചേരി ജെയിംസ്, പുത്തന്‍പുരക്കല്‍ രാജന്‍, പിലാത്തോട്ടത്തില്‍ നാണു എന്നിവരുടെ കാര്‍ഷികവിളകളാണ് നശിപ്പിച്ചത്. തെങ്ങും, തെങ്ങിന്‍ തൈകളും വാഴകളുമെല്ലാം ആനക്കൂട്ടം പിഴുതെറിഞ്ഞു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം.

ഒരാഴ്ചയ്ക്കിടെ നാലാംതവണയാണ് പന്നിക്കോട്ടൂര്‍ കോളനിയില്‍ കാട്ടാന കൃഷിനശിപ്പിക്കുന്നത്. ചെമ്പനോട, കൂവ്വപ്പൊയില്‍, പന്നിക്കോട്ടൂര്‍ കോളനി ഭാഗങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.

വനംവകുപ്പിലെ ദ്രുതകര്‍മസേന എത്തിയിട്ടും ആനകളെ പ്രദേശത്തുനിന്ന് ഉള്‍ക്കാട്ടിലേക്ക് ഓടിച്ചുവിടാനായിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്. സംഭവത്തില്‍ വനം വകുപ്പ് നടപടി സ്വീകരിക്കാത്തതില്‍ കര്‍ഷക സംഘടനകളും പ്രതിഷേധത്തിലാണ്.