കാട്ടുപൂച്ചയുടെ അക്രമണം; വൈക്കിലശ്ശേരി തെരുവില്‍ വീട്ടമ്മയുടെ ഇരുപത്തഞ്ചോളം കോഴികളെ കൊന്നു


ചോറോട് ഈസ്റ്റ്: ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡില്‍ ഇരുപത്തഞ്ചോളം കോഴികളെ കാട്ടുപൂച്ച കൊന്നു. പാഞ്ചേരിക്കാട്ടിൽ റഹീസയുടെ വീട്ടിലെ കോഴികളെയാണ് കാട്ടുപൂച്ച തിന്നത്.

രാവിലെ കോഴിക്കൂട്ടിൽ നിന്നും ശബ്ദം കേട്ട് പരിശോധിക്കുമ്പോഴാണ് പൂച്ചയേക്കാൾ നല്ല വലുപ്പമുള്ള ഒരു ജീവി ഓടുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. ഏഴുമാസം പ്രായമുള്ള കോഴികളാണിവ. ജനകിയ ആസൂത്രണ പദ്ധതിയിലൂടെയും സ്വയം വിരിയിച്ചെടുത്തതുമായ മുപ്പത്തഞ്ചോളം കോഴികൾ കൂട്ടിലുണ്ടായിരുന്നു.

റഹീസയുടെ കുടുംബത്തിന് ഒരു വരുമാനമായിരുന്നു കോഴികൾ. സംഭവത്തില്‍ ഗ്രാമ പഞ്ചായത്ത് അധികൃതർക്കും ചോറോട് വെറ്റിനറി സർജനും പരാതി നൽകിയിട്ടുണ്ട്. ആവശ്യമായ നഷ്ടപരിഹാരവും നാട്ടിൽ ഇത്തരം ചെറു സംരംഭങ്ങൾക്ക് ഭീഷണിയാവുന്ന വന്യജീവികളെ നിയന്ത്രിക്കുവാനുള്ള നടപടികൾ ഉണ്ടാവണമെന്നും പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ അധികൃതരോടാവശ്യപ്പെട്ടു.