ഠേ.. ഠേ… കോടഞ്ചേരിയിലെ കർഷകർക്ക് ആശ്വാസമായി തെലങ്കാനയിൽന്നുള്ള ‘ഷൂട്ടർമാർ’; മൂന്ന് ദിവസത്തിനിടെ കൊന്നൊടുക്കിയത് പത്ത് കാട്ടുപന്നികളെ


കോടഞ്ചേരി: കാട്ടുപന്നിശല്യംകൊണ്ട് പൊറുതിമുട്ടിയ കോടഞ്ചേരി പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി തെലങ്കാനയിൽന്നുള്ള ‘ഷൂട്ടർമാർ’. മൂന്ന് ദിവസമായി കൃഷിയിടങ്ങളിൽ നടത്തിയ കാട്ടുപന്നി വേട്ടയിൽ പത്ത് എണ്ണത്തിനെ വെടിവച്ചു കൊന്നു. കൃഷിയിടങ്ങളിൽ ഇറങ്ങി നാശംവിതയ്‌ക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് സഹായം നൽകുന്ന തെലുങ്കാന ആസ്ഥാനമായ എൻജിഒയിലെ വിദഗ്ധരായ നവാബ് ഷഫാക് അലിഖാൻ, പെർവാർ സന്താജി, അസ്കർ അലിഖാൻ എന്നിവരാണ് കോടഞ്ചേരിയിലെത്തി പന്നികളെ കൊന്നത്. തെലങ്കാനയിലെ “വൈൽഡ് ലൈഫ് ട്രാൻക്വിൻ ഫോഴ്സ്’ എന്ന സന്നദ്ധ സംഘടനയിലെ ഷൂട്ടർമാരാണിവർ.

ജനകീയ പങ്കാളിത്തതോടെ ജനപ്രതിനിധികളുടെയും കർഷകരുടെയും സഹകരണത്തോടെയാണു കഴിഞ്ഞ മൂന്ന് ദിവസം രാത്രി കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടുപന്നികളെ കൊന്നത്. കാട്ടുപന്നി ശല്യം തടയാൻ സംസ്ഥാന സർക്കാർ പഞ്ചായത്ത് പ്രസിഡന്റുമാർക്ക്‌ നൽകിയ ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം ഉപയോഗിച്ചാണ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ് തോമസിന്റെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നുദിവസം “ഓപ്പറേഷൻ’ നടത്തിയത്.

പഞ്ചായത്തിലെ ഒന്ന്, അഞ്ച്, ആറ്, 12, 13, 14, 17, 19, 20 എന്നീ വാർഡുകളിൽ നിന്നാണ് ഷൂട്ടർമാർ കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. കൊന്നൊടുക്കിയ പന്നികളെ കുഴിയെടുത്ത് സംസ്കരിച്ചു.

Summary: wild boars killed in kodancherry