തൂണേരിയിലും അരൂരിലും കാട്ടുപന്നി ശല്യം രൂക്ഷം; വ്യാപക കൃഷി നാശം


നാദാപുരം: കാട്ടുപന്നികളുടെ അക്രമണത്തില്‍ അരൂരിലും തൂണേരിയിലും വ്യാപക കൃഷിനാശം. തൂണേരി വെള്ളൂരില്‍ കണ്ണങ്കോട് യൂസഫിന്റെ വീട്ടുപറമ്പിലെ വാഴ കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. മൂന്ന് മാസം മുമ്പാണ് 65ഓളം വാഴകള്‍ വെച്ചത്. അവയില്‍ 12 എണ്ണം മാത്രമാണ് നിലവില്‍ ബാക്കിയുള്ളത്. ബാക്കിയുള്ളവയെല്ലാം പല തവണകളിലായി കാട്ടുപന്നി നശിപ്പിച്ചു.

തൂണേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. പലയിടങ്ങളിലും വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. കാട്ടുപന്നി ശല്യത്തിന് ഉടന്‍ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

അരൂരിലും വ്യാപക കൃഷിനാശമാണ് ഉണ്ടായത്. ശനിയാഴ്ച രാത്രിയാണ് ഇവിടെ കാട്ടുപന്നി കൃഷികള്‍ നശിപ്പിച്ചത്. പാറക്ക് താഴ സത്യന്‍, കരിക്കീറി നാണു, മഞ്ചാകാട്ടില്‍ ശശി എന്നിവരുടെ കൃഷികള്‍ക്കാണ് വ്യാപക നാശമുണ്ടായത്. തെങ്ങിന്‍ തൈ, വാഴ, കവുങ്ങ് എന്നിവയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്.

Description: Wild boar infestation in Thuneri and Aroor