ചെമ്പനോടയില്‍ കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കര്‍ഷകനെ കാട്ടുപന്നി ആക്രമിച്ചു; പകല്‍പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയെന്ന് പ്രദേശവാസികള്‍


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ചെമ്പനോടയില്‍ കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷക തൊഴിലാളിക്ക് ഗുരുതര പരിക്ക്. കിളച്ച പറമ്പില്‍ നാണു (60)നാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. മൂന്നാം വാര്‍ഡില്‍ ചെമ്പനോട ആലമ്പാറ റോഡിലെ വീട്ടില്‍ ജോലിയ്ക്കു പോയതായിരുന്നു നാണു. ജോലി ചെയ്യുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

നാണുവിന്റെ മുഖത്തും കവിളിലുമെല്ലാം പരിക്കേറ്റിട്ടുണ്ടെന്നും തങ്ങളെത്തുമ്പോള്‍ മുഖത്താകെ ചോരയൊലിച്ച നിലയിലായിരുന്നെന്നും പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ ലെയ്‌സ ജോര്‍ജ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

നാണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാട്ടില്‍ നിന്നും ചെന്നായ് ആക്രമിച്ച് പരുക്കേറ്റ പന്നി കൃഷിയിടത്തിലെ കുഴിയില്‍ കിടക്കുകയായിരുന്നു. തൊഴിലാളിയെ കണ്ടയുടനെ ആക്രമിച്ച പന്നി പിന്നീട് കൃഷിയിടത്തില്‍ ചത്തുവീണു. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി.

പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ലെയ്‌സ പറഞ്ഞു. പകല്‍ സമയത്തുപോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കുട്ടികളെ സ്‌കൂളില്‍ പോലും വിടാന്‍ പേടിതോന്നുന്ന അവസ്ഥയാണെന്നും അവര്‍ പറഞ്ഞു.