കൊയിലാണ്ടി ചേമഞ്ചേരിയിൽ പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം; വയോധികന് തലയ്ക്ക് പരിക്കേറ്റു


കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് അയ്യപ്പൻകാവ് അമ്പലത്തിനടുത്ത് വയോധികന് നേരെ കാട്ടുപന്നി ആക്രമണം. ആക്രമണത്തിൽ കൊളക്കാട് സ്വദേശി വിളയോട്ടിൽ ബാലകൃഷ്ണന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഇയാൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഇയാളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ബാലകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചത്.

കൊളക്കാട് ഭാഗത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. എന്നാൽ പ്രദേശവാസികളെ ആക്രമിക്കുന്നത് ആദ്യമായാണ്. ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പായി സ്‌കൂളിലേക്ക് വാഹനം കാത്തുനിന്നിരുന്ന വിദ്യാർഥികൾ ഇവിടെയുണ്ടായിരുന്നു. ഇവർ പോയി തൊട്ടുപിന്നാലെയാണ് പന്നിയെത്തിയതും വയോധികനെ ആക്രമിച്ചത്. വിദ്യാർഥികളുടെയടക്കം സുരക്ഷയിൽ നാട്ടുകാർക്കിടയിൽ ഭീതി നിലനിൽക്കുന്നുണ്ട്. പ്രദേശത്തെ കാട്ടുപന്നികളെ തുരത്താൻ സംവിധാനമുണ്ടാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.