അടച്ചുറപ്പില്ലാത്ത ഷെഡിൽ ഭാര്യയും കുട്ടികളും പ്രായമായ അമ്മയും, കാരയാട്ടെ ശ്രീധരന്റെ വീടെന്ന സ്വപ്നത്തിന് കരുത്തായി നാട്ടുകാർ, നമുക്കും കെെകോർക്കാം…


അരിക്കുളം: അടച്ചുറപ്പുള്ള വീട്ടിൽ സമാധാനത്തോടെ ഒരു ദിനമെങ്കിലും ഉറങ്ങണമെന്ന സ്വപ്നം മാത്രമായിരുന്നു കാരയാട് സ്വദേശി താപ്പള്ളിക്കുനി ശ്രീധരനും കുടുംബത്തിനുമുണ്ടായിരുന്നു. കെെമെയ് മറന്ന് നാട്ടുകാർ ഒന്നിച്ചതോടെ സ്വപ്നം യാഥാർത്ഥ്യമാവുന്നതിന്റെ സന്തോഷത്തിലാണ് ശ്രീധരൻ.

അടച്ചുറപ്പില്ലാത്ത ഷെഡിലാണ് ഭാര്യയും രണ്ട് കുട്ടികളും പ്രായമായ അമ്മയും അടങ്ങുന്ന ശ്രീധരന്റെ കുടുബം താമസിക്കുന്നത്. ശ്രീധരന്റെ അവസ്ഥ മനസ്സിലാക്കിയ പ്രദേശവാസികൾ വീട് നിർമ്മാണത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ തറമ്മൽ അങ്ങാടി ജനകീയ കൂട്ടായ്മയാണ് വീട് നിർമിച്ചു നൽകുന്നത്.

ധനസമാഹരണത്തിനായി വാർഡ് മെമ്പർ അശോകൻ വി. പി. ചെയർമാനും തേവർകണ്ടി ബാലകൃഷ്ണൻ കൺവീനറും തറമ്മൽ അബ്ദുൽ സലാം ട്രഷററായും ജനകീയ കമ്മിറ്റി രൂപീകരിച്ചു. മഠത്തും പറമ്പത്ത് മജീദ് ഹാജിയിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചു കൊണ്ട് അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ.നാരായണൻ സ്വപ്ന ഭവനത്തിന്റെ ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടു. ശ്രീധരന്റെ സ്പ്ന വീടിനായി സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നതായി ജനകീയ കമ്മിറ്റി പറഞ്ഞു.

വിവരങ്ങൾക്ക്: അശോകൻ വി. പി. (9745 419 226), തേവർകണ്ടി ബാലകൃഷ്ണൻ ( 9747 074 258), തറമ്മൽ അബ്ദുൽ സലാം (9446 521 916).

Summary: Wife, children and elderly mother in an unsecured shed, but the locals are strong for Sreedharan’s dream of a house