ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജിലയുൾപ്പടെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരളാ തീരത്ത് ഇന്ന് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.വിവിധ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് പ്രവച്ചിരിക്കുന്ന ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ അറിയാം.

നാളെ ഇടുക്കി ജില്ലയിലും. മറ്റന്നാള്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലയിലും, ഒക്ടോബർ 10 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Summary: Widespread rain likely today; Yellow alert in Kozhikode district