ശക്തമായ കാറ്റില്‍ വടകര സാന്റ് ബാങ്ക്‌സില്‍ വ്യാപക നാശം: നാലോളം തട്ടുകടകള്‍ മറിഞ്ഞുവീണു, കുറ്റ്യാടി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


വടകര: ശക്തമായ കാറ്റില്‍ സാന്റ് ബാങ്ക്‌സില്‍ വ്യാപക നാശം. കുറ്റ്യാടി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് മൂന്ന് മണിയോടെയാണ് സാന്റ് ബാങ്ക്‌സ് പരിസരത്ത് അതിശക്തമായ കാറ്റ് വീശിയടിച്ചത്‌.

കാറ്റില്‍ നാലോളം തട്ടുകടകള്‍ മറിഞ്ഞുവീണിട്ടുണ്ട്‌. ചേരാന്റവിട മായൻകുട്ടി, പുത്തൻപുരയിൽ കുഞ്ഞിപ്പാത്തു, അഴീക്കൽ ജമീല എന്നിവരുടെ തട്ടുകടകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്‌.

സാന്റ് ബാങ്ക്‌സിലെത്തിയ കുറ്റ്യാടി സ്വദേശി വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്ന് ഹെല്‍മറ്റും മറ്റും എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വണ്ടിക്ക് സമീപത്തുള്ള തട്ട് കടയുടെ ഷീറ്റ് കാറ്റില്‍ പറന്ന് മറ്റൊരു വശത്ത് വീണതിനാലാണ് വന്‍ അപകടം ഒഴിവായത്.

മാത്രമല്ല ഇരുചക്രവാഹനങ്ങളുടെ മുകളിൽ ഷീറ്റ് വീണ് വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. കനത്ത മഴ കാരണം ഇന്ന് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഉത്തരവിനെ തുടര്‍ന്ന് സാന്റ് ബാങ്ക്‌സ് അടച്ചിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതറിയാതെ കുറേപേര്‍ ഇവിടേക്ക് വന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ സ്ഥലം സന്ദര്‍ശിച്ചു. കനത്ത മഴയില്‍ സാന്റ് ബാങ്ക്സ് താത്കാലികമായി അടച്ചിട്ടും സന്ദർശകർ വരുന്നത് ബുദ്ധിമുട്ടാണെന്നും, കടകൾക്ക് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകണമെന്നും കൗൺസിലർ പറഞ്ഞു.