കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം; 30ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു, അഞ്ചിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു


കോഴിക്കോട് : ജില്ലയില്‍ അതിതീവ്ര മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് താലൂക്കുകളിലായി 30ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. മഴക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ട കോഴിക്കോട് താലൂക്കില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ചിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.

കോഴിക്കോട് താലൂക്കിലെ 15 വില്ലേജുകളെ മഴക്കെടുതി ബാധിച്ചു. താലൂക്കില്‍ മരങ്ങള്‍ വീണും മണ്ണിടിഞ്ഞും മറ്റുമായി 14 വീടുകള്‍ ഭാഗികമായി തകര്‍ന്നു. എലത്തൂര്‍ വില്ലേജില്‍ കോര്‍പറേഷന്‍ രണ്ടാം വാര്‍ഡില്‍ ജെട്ടി റോഡ് താമരക്കല്‍ പറമ്പ് അര്‍ച്ചന നിവാസില്‍ പി മധുസൂദനന്‍ എന്നവരുടെ വീടിന്റെ മതില്‍ തകര്‍ന്ന് വീട് അപകടാവസ്ഥയിലായി. തൊട്ടടുത്ത ബാഷിദ കെ എന്നവരുടെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. ബേപ്പൂര്‍ വില്ലേജിലെ പാടത്ത് പറമ്പില്‍ തെങ്ങ്, മാവ് എന്നിവ കടപുഴകി വീണ് ചൊക്കിളി മുസ്തഫയുടെ വീടിന് നാശനഷ്ടം സംഭവിച്ചു. ]mid2]

പുതിയങ്ങാടി എഫ്‌സിഐ ഗോഡൗണിലെ ഓവ് ചാല്‍ ഗ്രില്ലില്‍ മാലിന്യം കുടുങ്ങി അടഞ്ഞത് കാരണം വരക്കല്‍ കൈതവളപ്പ് പ്രദേശത്തെ 15ഓളം വീടുകളില്‍ വെള്ളം കയറി. പുതിയങ്ങാടി പള്ളിക്കണ്ടി കോളനിയിലെ ബിയ്യാത്തുമ്മ കുട്ടി എന്നവരുടെ വീടിന്റെ അടുക്കള ഭാഗം മഴയില്‍ തകര്‍ന്നു വീണു. ഫറോക്ക് 24-ാം ഡിവിഷനില്‍ വനജ എന്നിവരുടെ വീട് മരം വീണ് അടുക്കള ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു.

താമരശ്ശേരി താലൂക്കിലെ അഞ്ച് വില്ലേജുകളെ മഴക്കെടുതികള്‍ ബാധിച്ചു. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൂടത്തായി വില്ലേജില്‍ മൈക്കാവ് പള്ളിയുടെ പിന്‍ഭാഗത്തു മണ്ണിടിഞ്ഞു പള്ളിയുടെ പിന്‍ഭാഗത്തുള്ള അടുക്കള പൂര്‍ണമായും തകര്‍ന്നു. തെയ്യപ്പാറ ഏലിയാസ് എന്നവരുടെ വീടിന് മുകളില്‍ മരം വീണ് വീട്ടിന് കേടുപാടുകളുണ്ടായി. കിഴക്കോത്തു വില്ലേജില്‍ മുഹമ്മദ് പൂക്കാട്ടുപുറായില്‍ എന്നവരുടെ മതിലും കിണറും ഇടിഞ്ഞു താഴ്ന്നു. ഇതേ വില്ലേജില്‍ വേലായുധന്‍ മടത്തുകുഴിയില്‍ എന്നവരുടെ വീടിനോട് ചേര്‍ന്ന മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് രണ്ട് വീടുകള്‍ അപകടാവസ്ഥയിലായി. ആവിലോറ പണിക്കോട്ടുമ്മല്‍ സുകുമാരന്‍ എന്നവരുടെ വീടിനു മുകളില്‍ മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. നരിക്കുനി വില്ലേജില്‍ ശിവദാസന്‍ ആരിചോലയില്‍ എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ള ഭാഗംവും ചാലിയേക്കരക്കുന്നു സജിത എന്നവരുടെ വീടിനോട് ചേര്‍ന്ന മുറ്റവും ഇടിഞ്ഞു താഴ്ന്നു. വേങ്ങേരി വില്ലേജ് പാറോപ്പടി – കണ്ണാടിക്കല്‍ റോഡില്‍ കുന്നുമ്മല്‍ മധു എന്നവരുടെ വീടിന്റ ഒരു ഭാഗത്തുള്ള മണ്ണ് ഇടിഞ്ഞ് വീണ് വീടിന് വിള്ളലുണ്ടായി.

കൊയിലാണ്ടി താലൂക്കിലെ 14 വില്ലേജുകളില്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിയ്യൂര്‍ വില്ലേജില്‍ അഞ്ച് കുടുംബങ്ങളും അരിക്കുളം വില്ലേജില്‍ നാലു കുടുംബങ്ങളും ബന്ധുവീടുകളിലും മറ്റുമായി മാറിത്തമസിച്ചിട്ടുണ്ട്. അരിക്കുളം വില്ലേജ് കിണറുള്ള കണ്ടി രവീന്ദ്രന്‍ കാരയാട് എന്നയാളുടെ കിണര്‍ പൂര്‍ണ്ണമായും ഇടിഞ്ഞു താണു. കാന്തലാട് വില്ലേജില്‍ കൊയിലാട്ട്മുക്ക് ഷാജി എന്നവരുടെ കട ശക്തമായ മഴയില്‍ ഭാഗികമായി തകര്‍ന്നു. ചെങ്ങോട്ടുകാവ് വില്ലേജില്‍ പുലയന്റെചോട്ടില്‍ ശിവദാസന്‍ എന്നവരുടെ വീടിനു മുകളില്‍ തെങ്ങുവീണ് ഭാഗികമായി നാശനഷ്ടമുണ്ടായി. നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡ് പ്രവൃത്തി നടക്കുന്ന കൊല്ലം കുന്ന്യോറ ഭാഗത്ത് റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണ സംഭവമുണ്ടായി.

അതിനിടെ, പൂനൂര്‍ പുഴയില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. ചാലിയാര്‍ പുഴയിലേക്ക് ശക്തമായ നീരൊഴിക്ക് കാരണം കൈവഴികളായ ഇരുവഞ്ഞിപുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയര്‍ന്നു. പുഴകളുടെ ഇരുതീരങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ശക്തമായ മഴയില്‍ ജില്ലയില്‍ പലയിടങ്ങളിലും വ്യാപകമായ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വൈദ്യുത വിതരണ സംവിധാനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി