പെരുമഴയില്‍ വ്യാപകനാശം; ചെമ്മരത്തൂരില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു


വില്യാപ്പള്ളി: ചെമ്മരത്തൂരില്‍ കനത്ത മഴയില്‍ വീട്ടിലെ കുളിമുറിയും കിണറും ഇടിഞ്ഞ് താഴ്ന്നു. അയനിയുള്ളതില്‍ കുമാരന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. കിണര്‍ പൂര്‍ണമായും ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്‌. കുമാരന്റെ ഭാര്യ നാരായണി വെള്ളം കോരി നിമിഷങ്ങള്‍ക്കകം കിണര്‍ ഇടിയുകയായിരുന്നു. കിണറിന് ചേര്‍ന്നായിരുന്നു കുളിമുറിയും.

ശബ്ദം കേട്ട് ഉടന്‍ തന്നെ നാരായണി മാറി നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ഏതാണ്ട് 30 അടിയോളം ആഴമുള്ള കിണറാണ്. പത്തോളം പശുക്കളുള്ള വീടാണിത്. കിണര്‍ ഇടിഞ്ഞു താഴ്ന്നതോടെ പശുക്കള്‍ക്ക് വെള്ളം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്.