നാഷണൽ സർവീസ് സ്കീം ദ്വിദിന സഹവാസ ക്യാമ്പ്; വില്ല്യാപ്പള്ളി എം.ജെ വി.എച്ച്.എസ് സ്‌ക്കൂളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു


വടകര: വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ വൊക്കേഷണൽ വിഭാഗം നാഷണൽ സർവീസ് സ്കീം ഒന്നാം വർഷ വിദ്യാർഥികൾക്കായി ‘ഒരുമ’ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 9മണിക്ക്‌ പ്രിൻസിപ്പൽ മുഹമ്മദലി വാഴയിൽ പതാകയുയർത്തി. ക്യാമ്പും അതിനോടനുബന്ധിച്ച് നടത്തിയ ആയൂര്‍വേദ മെഡിക്കൽ ക്യാമ്പും വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മുരളി പൂളക്കണ്ടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ അബ്ദുറഹിമാൻ മാസ്റ്റർ.കെ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഷംസുദ്ദീൻ മാസ്റ്റർ, ഡോക്ടർ അനീഷ്, ഡോ.അമൃത, ഡോ.അഞ്ജു, ദിയ ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു.

പ്രോഗ്രാം ഓഫീസർ നുസൈബ.സി പദ്ധതി വിശദീകരണം നടത്തി. ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി വില്യാപ്പള്ളിയുടെ ആഭിമുഖ്യത്തിൽ നടന്ന സുഖദം സൗജന്യ ആയൂർവേദ ക്യാമ്പിൽ നൂറിലധികം പേർ പരിശോധനയ്ക്ക് എത്തി. ക്യാമ്പിൽ എല്ലാവിധ മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു. വയനാടിൻ്റെ പുനരധിവാസത്തിനുവേണ്ടി കേരളത്തിലെ എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 150 വീടുകൾക്കായി ക്ലീനിങ്ങ് ലോഷൻ ചാലഞ്ച് പരിപാടിയിലൂടെ ധനസമാഹരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വളണ്ടിയർമാർ സ്വന്തമായി നിർമ്മിച്ച ലോഷൻ കിറ്റ് സ്കൂൾ പരിസരപ്രദേശങ്ങളിൽ വിതരണം ചെയ്ത് ധനസമാഹരണം നടത്തി.

ശേഷം ലിംഗ സമത്വം പ്രമേയമാക്കിയുളള ജൻഡർ പാർലമെന്റ് നടന്നു. അധ്യാപിക സ്വലീഹത്ത് മോഡറേറ്റർ ആയിരുന്നു. വൈകുന്നേരം 6.30ന് സമൂഹത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന സ്ത്രീ ചൂഷണം, ലിംഗ ഭേദ വിവേചനം, സ്ത്രീധന ദുരാചാരം, എന്നിവയ്ക്കെതിരെ സമത്വ ജ്വാല സംഘടിപ്പിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഭിഷ.കെ ഉദ്ഘാടനം നിർവഹിക്കുകയും, സ്ത്രീ ചൂഷണത്തിനെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

Description: wide range of programs were organized at villyappalli MJ VHS School