പഞ്ഞമാസമായ കർക്കടകത്തിലെ ആരോ​ഗ്യ സംരക്ഷണം എന്തിന്? ; കൂടുതലറിയാം


വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നതു വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കടക ചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. മനുഷ്യശരീരത്തെ നിലനിർത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളും പഥ്യാഹാരവുമാണ് കർക്കടക ചികിത്സ നിഷ്ക്കർഷിക്കുന്നത്.

ആയുർവേദത്തി‍ലെ പഞ്ചകർമ്മങ്ങളി‍ൽ പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം എന്നീ ശോധനാ ചികിത്സകളാണ് കർക്കടക ചികിത്സയി‍ൽ പ്രധാനം. ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, ശിരോധാര, അഭ്യംഗം, നസ്യം, തുടങ്ങിയ ചികിത്സകളോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയാറാക്കുന്ന മരുന്ന് കഞ്ഞി സേവയും ചേരുന്നതാണ് കർക്കിടക ചികിത്സ.

∙ ഔഷധ കഞ്ഞി- വളരെ വേഗം ദഹിക്കുന്നതും ശരീരത്തിനു ഹിതവുമായ ഒന്നാണ് കഞ്ഞി. ആവശ്യത്തിനു ജലാംശം നിലനിർത്തി വേണ്ടുന്ന അന്നജവും പോഷകവും നൽകുന്നതാണ് കഞ്ഞി. അതിനായി ഞവര അരി, പഞ്ചക്കോലം, ഇന്ദുപ്പ്, ദശമൂലം, ദശ പുഷ്പം എന്നിവ ശരീര പ്രകൃതി അനുസരിച്ച് സേവിക്കുക. സ്വാദ് കൂട്ടാൻ തേങ്ങാപ്പാൽ, ശർക്കര മുതലായത് യുക്തിപോലെ ചേർക്കുകയും ആവാം.

∙ പഞ്ചകർമ ചികിത്സ

ആയുർവേദത്തിൽ പഞ്ച കർമം എന്നാൽ പ്രധാന ചികിത്സയാണ്. വമനം, വിരേചനം, വസ്‌തി, നസ്യം, രക്ത മോക്ഷം എന്നീ 5 കർമങ്ങൾ ശരീരത്തിന് ദോഷ സാമ്യം ഉണ്ടാക്കുന്ന പ്രധാന കർമങ്ങളാണ്. ഇവ ശരീര പ്രകൃതി, രോഗാവസ്ഥ കണക്കാക്കി യുക്തിപൂർവം പരിജ്ഞാനമുള്ള ഒരു വൈദ്യന്റെ മേൽനോട്ടത്തിൽ ചെയ്യേണ്ടതാണ്‌. മറിച്ചായാൽ വിപരീത ഫലം തീർച്ച. ഈ പ്രാധാന കർമങ്ങൾക്ക് മുന്നോടിയായി ചില പൂർവ കർമങ്ങൾ ചെയ്യണം എന്നത് നിർബന്ധമുള്ള കാര്യമാണ്.

സ്നേഹനം(എണ്ണ തേപ്പ്) സ്വേദനം,(വിയർപ്പിക്കൽ) എന്നീ രണ്ട്‌ പൂർവ കർമങ്ങളുടെ പല തരം ക്രിയാ ഭേദങ്ങൾ മാത്രാമാണ് നമ്മൾ ഇന്ന് കാണുന്ന പഞ്ചകർമം എന്ന് വിശ്വസിക്കുന്ന ഉഴിച്ചിലും പിഴിച്ചിലും ഞവരക്കിഴിയും ഇലക്കിഴിയുമെല്ലാം. രക്ത ചംക്രമണം ത്വരിതപെടുത്തി മാംസ പേശികൾക്ക് ദൃഢത നൽകുന്ന ഈ പൂർവകർമങ്ങൾ പഥ്യമാചരിച്ച്‌ ചെയ്താൽതന്നെ വേണ്ട പ്രയോജനം ലഭിക്കും എന്നതുകൊണ്ട് ഈ ചികിത്സകൾക്ക് കർക്കടക മാസത്തിൽ കൂടുതൽ പ്രചാരം ലഭിക്കുന്നു. [mid5]