മേയുന്നതിനിടെ അബദ്ധത്തിൽ പോത്ത് കിണറിൽ വീണു; രക്ഷകരായി നാദാപുരം അ​ഗ്നിരക്ഷാ സേന


വേളം: അബദ്ധത്തിൽ കിണറിൽ വീണ പോത്തിന് രക്ഷകരായി നാദാപുരം അ​ഗ്നിരക്ഷാ സേന യൂണിറ്റ്. ചേരാപുരം പുത്തലത്ത് പൊളിഞ്ഞോളി കുഞ്ഞബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള പോത്താണ് കിണറിൽ വീണത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം.

പോത്തിനെ മേയാനായി രാവിലെ വിട്ടതായിരുന്നു. വൈകുന്നേരം തിരിച്ച് കൂട്ടികൊണ്ടുവരാനായി എത്തിയപ്പോൾ പോത്തിനെ കാണാനില്ല. പരിസരം മുഴുവൻ അന്വേഷിച്ചപ്പോൾ കിണറിൽ വീണു കിടക്കുന്നത് കണ്ടു. ഉടൻ നാദാപുരം അ​ഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സി സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാർ സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജിഷ്ണു കിണറിൽ ഇറങ്ങി. സേഫ്റ്റി ബെൽറ്റ്‌, ഹോസ് കയർ എന്നിവ ഉപയോഗിച്ച് പോത്തിനെ പരിക്കുകൾ കൂടാതെ ഉയർത്തി മുകളിലെത്തിച്ചു. പോത്തിന് കാര്യമായ പരിക്കുകളൊന്നും ഇല്ല.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജി ചാക്കോ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷാഗിൽ, ലിനീഷ് കുമാർ, പ്രജീഷ്, അഭിനന്ദ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നാട്ടുകാരും പോത്തിനെ കിണറിൽ നിന്ന് വലിച്ച് ഉയർത്തുന്നതിന് അ​ഗ്നിരക്ഷാ സേന ടീമിനൊപ്പം ഉണ്ടായിരുന്നു.