ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മുകളില്‍ ‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്റർ; ഒരു കൂട്ടം പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ച് വാട്സ് ആപ്
ചാറ്റുകള്‍, കോളുകള്‍, ചാനല്‍ തുടങ്ങിയ ഫീച്ചറുകൾ മെച്ചപ്പെടുത്താൻ വാട്സ്ആപ് പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ചു. പുതിയ അപ്‌ഡേറ്റിലെ പ്രധാന മാറ്റം ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെടുന്ന ‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്ററാണ്. ഗ്രൂപ്പില്‍ എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണിക്കുന്നതാണിത്.
ഗ്രൂപ്പ് ചാറ്റുകളില്‍ ഇവന്റുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇനിമുതല്‍ രണ്ട് പേര്‍ തമ്മിലുള്ള ചാറ്റിലും ഇവന്റ് ക്രിയേറ്റ് ചെയ്യാനാവും. ആര്‍എസ് വിപി ഓപ്ഷനില്‍ മേ ബീ എന്നൊരു ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഇവന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള ഓപ്ഷനും വാട്‌സാപ്പ് കോള്‍ ലിങ്ക് ഉള്‍പ്പെടുത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
ചില നോട്ടിഫിക്കേഷനുകള്‍ ഹൈലൈറ്റ് ചെയ്യാനുള്ള സൗകര്യമാണ് മറ്റൊന്ന്. ഇതിനായി ‘നോട്ടിഫൈ ഫോര്‍’ എന്നൊരു സെറ്റിങ്‌സ് ഓപ്ഷന്‍ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹൈലൈറ്റ്‌സ് തിരഞ്ഞെടുത്താല്‍ പ്രത്യേകം നോട്ടിഫിക്കേഷനുകള്‍ക്ക് പ്രാധാന്യം നല്‍കി കാണിക്കാന്‍ സാധിക്കും. നിങ്ങളെ മെന്‍ഷന്‍ ചെയ്യുന്ന നോട്ടിഫിക്കേഷനുകള്‍, നിങ്ങളുടെ സന്ദേശങ്ങള്‍ക്ക് റിപ്ലൈ ചെയ്യുമ്പോള്‍, സേവ്ഡ് കോണ്‍ടാക്റ്റില്‍ നിന്നുള്ള മെസേജുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി നോട്ടിഫിക്കേഷനുകളെ വേര്‍തിരിച്ച് പ്രാധാന്യം നല്‍കാം. അല്ലെങ്കില്‍ എല്ലാ നോട്ടിഫിക്കേഷനുകളും അനുവദിക്കാം.

ഐഫോണില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും അയക്കാനും കഴിയുന്ന ഓപ്ഷനാണ് മറ്റൊന്ന്. ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്‌മെന്റ് ഓപ്ഷനില്‍ ഇതിനായുള്ള ഓപ്ഷന്‍ ലഭ്യമാവും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി തന്നെ മറ്റൊരു സൗകര്യം കൂടി മെറ്റ അനുവദിച്ചു.
ഇനിമുതല്‍ ഐഫോണില്‍ ഡിഫോള്‍ട്ട് മെസേജിങ് ആപ്ലിക്കേഷനായും കോളിങ് ആപ്പ് ആയും വാട്‌സാപ്പ് ഉപയോഗിക്കാനാവും. വീഡിയോകോളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി കോള്‍ ഡ്രോപ്പ് ആവുന്നതും നിശ്ചലമാകുന്നതും ഇല്ലാതാവും. വീഡിയോകോളുകള്‍ വിരലുകള്‍ ഉപയോഗിച്ച് സൂം ചെയ്യാനുള്ള സൗകര്യവും ഐഫോണിലെ വാട്‌സാപ്പില്‍ ലഭിക്കും.
വാട്‌സാപ്പ് ചാനല്‍ ഫീച്ചറില്‍ മൂന്ന് അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. അഡ്മിന്‍മാര്‍ക്ക് ഇനി ചെറിയ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് ഫോളോവര്‍മാര്‍ക്ക് പങ്കുവെക്കാനാവും. ചാനലിലേക്കുള്ള പ്രത്യേക ക്യുആര്‍കോഡ് നിര്‍മിച്ച് പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചാനലുകളിലെ ശബ്ദസന്ദേശങ്ങളുടെ ടെക്സ്റ്റ് സമ്മറിയും കാണാം.