മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ കേസിലെ മുഖ്യപ്രതി രോഹിംഗ്യന്‍ മുസ്ലിമാണെന്ന പ്രചാരണത്തിന്റെ സത്യമെന്ത്? വസ്തുതയറിയാം


ഇംഫാല്‍: മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയെ അറസ്റ്റു ചെയ്തതിന് പിന്നാലെ ഇയാള്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥിയാണ് എന്ന തരത്തില്‍ ചില സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വ്യാപകമായി പ്രചരണം നടത്തുന്നുണ്ട്. ഒരേ തരത്തിലുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. ആ പ്രചരണം ഇങ്ങനെയാണ്:

മണിപ്പൂര്‍ മുഖ്യപ്രതി
തൂക്കിയിട്ടുണ്ട് ഒരുവനെ.
പേര്: ഷെറാബാസ്
നുഴഞ്ഞ് കയറി റോഹിംഗ്യന്‍കാരന്‍..
പ്രതി സംഘപരിവാര്‍ എന്ന് കഥ മെനയുന്ന കമ്മികള്‍ക്ക് സ്ഥിരം നമോവാകം.
ഇവരെ ഇന്ത്യ പുനരധിവസിപ്പിക്കണം എന്ന് നിലവിളിച്ചവര്‍ ഒക്കെ എവിടെ പോയോ ആവോ..

ഇതേ സന്ദേശം സംഘപരിവാര്‍ അനുഭാവികള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പ്രതിയുടെ പേരിന്റെ സ്ഥാനത്ത് മാത്രമാണ് ചില മാറ്റങ്ങളുള്ളത്.

എന്താണ് വസ്തുത?

മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ നാലുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തതെന്നാണ് മണിപ്പൂര്‍ പൊലീസ് കഴിഞ്ഞദിവസം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രധാന പ്രതി 32 കാരനും മണിപ്പൂരിലെ തൗബല്‍ ജില്ലക്കാരനുമായ ഹ്യൂറെം ഹെറോദാസ് മെയ്‌തെയാണെന്നാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയായ ബൈറണ്‍ സിങ് പറഞ്ഞത്. മണിപ്പൂരിലെ പെച്ചി അവാങ് ലെയ്‌കൈ സ്വദേശിയാണ് ഇയാള്‍ എന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തത്. മണിപ്പൂരിലെ ഭൂരിപക്ഷ ഗോത്ര വിഭാഗമായ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടയാണ് ഇയാള്‍. കൂടാതെ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഇയാളുടെ വീടിന് ഒരുകൂട്ടം തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

മെയ് നാലിനാണ് മണിപ്പൂരിന്റെ തലസ്ഥാന നഗരിയായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാംഗ്‌പോക്പി ജില്ലയില്‍ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോയെടുത്തത്. രണ്ടര മാസത്തിനുശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. വീഡിയോയിലെ അക്രമസംഭവങ്ങള്‍ക്കെതിരെ രാജ്യമെമ്പാടുനിന്നും വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരുന്നത്.