സന്തോഷ വാർത്ത; സംസ്ഥാനത്ത് ക്ഷേമ പെൻഷൻ മാർച്ച് 27 മുതൽ ലഭിച്ച് തുടങ്ങും, 817 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് മാസത്തില്‍ ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1,600 രൂപവീതം ലഭിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും.
മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.
8,46,456 പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നത്.
Summary: Welfare pension in the state will start from March 27; Rs 817 crore allocated