കായണ്ണക്കാര്‍ക്കിനി കാലാവസ്ഥയറിയാന്‍ കേന്ദ്ര കാലാവസ്ഥാ നീരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പിനായികാത്തിരിക്കേണ്ട; പ്രദേശിക കാലാവസ്ഥ പറയാന്‍ കായണ്ണ സ്‌കൂളും കുട്ടിശാസ്ത്രജ്ഞരും ഒരുങ്ങിക്കഴിഞ്ഞു


പേരാമ്പ്ര: കാലാവസ്ഥയിലെ മാറ്റങ്ങളും മഴയുടെ അളവുമെല്ലാം ഇനി കായണ്ണ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ചെന്നാല്‍ അറിയാം. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെയാണ് സ്‌കൂളില്‍ വെതര്‍ സ്റ്റേഷന്‍ ഒരുക്കിയത്. ഭൂമി ശാസ്ത്രത്തിന്റെ പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മനസിലാക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍കൊള്ളിച്ച് ‘കേരള സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍’ പദ്ധതി നടപ്പാക്കുന്നത്.

പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനും, ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുവാനും വെതര്‍ സ്റ്റേഷനുകള്‍ സഹായിക്കും. മഴയുടെ തോത് അളക്കുന്നതിനുള്ള ‘മഴമാപിനി’, അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെര്‍മോമീറ്ററുകള്‍, അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിനുള്ള ‘വെറ്റ് ആന്‍ഡ് ഡ്രൈ ബള്‍ബ് തെര്‍മോമീറ്റര്‍’, കാറ്റിന്റെ ദിശ അറിയുന്നതിനായുളള ‘വിന്‍ഡ് വെയ്ന്‍’ കാറ്റിന്റെ വേഗത നിശ്ചയിക്കുന്ന ‘കപ്പ് കൗണ്ടര്‍ അനിമോമീറ്റര്‍’ തുടങ്ങി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ ഉപയോഗിച്ചു വരുന്ന ശാസ്ത്രീയ ഉപകരണങ്ങള്‍ കായണ്ണ സ്‌കൂളിലും സജ്ജീകരിച്ചു കഴിഞ്ഞു.

സ്‌കൂളിന് സമീപത്തെ സ്ഥലങ്ങളിലെ ദിനാവസ്ഥ സാഹചര്യവും കാലാവസ്ഥാ വ്യതിയാനവും മുന്‍കൂട്ടി മനസ്സിലാക്കാന്‍ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയും. വെതര്‍ സ്റ്റേഷനിലൂടെ ശേഖരിക്കുന്ന പ്രാദേശിക കാലാവസ്ഥാ വിവരങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഗവേഷണ പരിശീലനത്തിനും കാര്‍ഷിക- വ്യവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്നതാണ്. പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളില്‍ കാലാവസ്ഥയെ കുറിച്ച് കൂടുതല്‍ മെച്ചപ്പെട്ട ധാരണ ഉണ്ടാക്കാനും, കാലാവസ്ഥ മാറ്റങ്ങളും, വിവിധ കാലാവസ്ഥ അവസ്ഥകളും മനസിലാക്കാനും സാധിക്കും.

സ്‌കൂളിലെ ജോഗ്രഫി അധ്യാപകന്റെ നേതൃത്വത്തിലുള്ള പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന സംഘമാണ് വെതര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

summary: weather station is ready at Kayanna government higher secondary school