ജനാധിപത്യത്തെ തുറുങ്കിലടയ്ക്കാന്‍ അനുവദിക്കില്ല, രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം. പ്രതിഷേധ സായാഹ്നവുമായി ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ്


മുയിപ്പോത്ത്: ഏകാധിപത്യവും വര്‍ഗീയതയും അഴിമതിയും അരയ്ക്കിട്ടുറപ്പിക്കാന്‍ വേണ്ടി ജനാധിപത്യത്തെ തുറുങ്കിലടയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളെ ചെറുത്തു തോല്പിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.

കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിനിരയാവുന്ന രാഹുല്‍ ഗാന്ധിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍കിട കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ മൂലധനം തന്നെ തീറെഴുതി കമ്മിഷന്‍ കൈപ്പറ്റുന്ന മോദി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിക്കേര്‍പ്പെടുത്തിയ വിലക്ക് ജനാധിപത്യ ഭാരതം പുച്ഛിച്ചുതള്ളും. രാഷ്ട്രത്തിന് വേണ്ടി ത്യാഗം ചെയ്ത രക്തസാക്ഷികളുടെ പാരമ്പര്യമുള്ള നെഹ്‌റു കുടുംബത്തോടൊപ്പം ഇന്ത്യയുണ്ടാവുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അബ്ദുല്‍ കരീംകോച്ചേരി അധ്യക്ഷത വഹിച്ചു. എം.വി. മുനീര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. എന്‍.എം. കുഞ്ഞബ്ദുള്ള, കെ.കെ. നൗഫല്‍, പി. കുഞ്ഞമ്മദ് ഹാജി, കെ.ടി.കെ. കുഞ്ഞമ്മദ്, ഖാസിം മാസ്റ്റര്‍ ആവള, കുനീമ്മല്‍ മൊയ്തു, ബക്കര്‍ മൈന്തൂര്, കെ.എം. അബ്ദുറഹിമാന്‍, എന്‍.കെ. ഇബ്രാഹിം, എന്‍. യുസഫ് ഹാജി, അഫ്‌സല്‍ പയോളി, കെ.പി. അസൈനാര്‍ എന്നിവര്‍ പ്രസംഗിച്ചു.