‘ബഫർ സോൺ വനത്തിനകത്തേക്ക് നിജപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണം, നിയമ നിർമ്മാണം മാത്രമാണ് ഏക പോംവഴി’; ചക്കിട്ടപാറയിൽ നാളെ നടക്കുന്ന കർഷക പ്രതിഷേധത്തിന് പിന്തുണയുമായി വി ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ


പേരാമ്പ്ര: സുപ്രീം കോടതിയുടെ അശാസ്ത്രീയമായ ബഫർ സോൺ വിധിക്കെതിരെ ചക്കിട്ടപാറയിൽ നാളെ നടക്കുന്ന കർഷക പ്രതിഷേധത്തിന് പിന്തുണയുമായി കർഷകരുടെ കൂട്ടായ്മയായ വി ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ. അശാസ്ത്രീയമായ ബഫർസോൺ പ്രഖ്യാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വി ഫാം കർഷക പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

സുപ്രീം കോടതി വിധിയെ മറികടക്കാൻ ആവശ്യമായ നിയമ നിർമ്മാണം മാത്രമാണ് ഏക പോംവഴിയെന്ന് വി ഫാം പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ അതിരളവുകൾ കൃത്യമല്ലാത്ത വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾ നിർണ്ണയിച്ച് ജനവാസ മേഖലകളിൽ നിന്നും ബഫർ സോൺ പരിധി വനത്തിനകത്തേക്ക് നിജപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും വി ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

നാളെ നടക്കുന്ന കർഷക പ്രതിഷേധം വിജയിപ്പിക്കാൻ മുഴുവൻ കർഷകരും രംഗത്തിറങ്ങണമെന്നും വി ഫാം ചെയർമാൻ ജോയി കണ്ണൻചിറ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.

വി ഫാം ഫാർമേഴ്സ് ഫൗണ്ടേഷന്റെ പ്രസ്താവന പൂർണ്ണരൂപത്തിൽ:

അശാസ്ത്രീയമായ ബഫർസോൺ പ്രഖ്യാപനം പിൻവലിക്കുക; കർഷക പ്രതിഷേധത്തിന് വി.ഫാമിന്റെ ഐക്യദാർഢ്യം

രാജ്യത്തെ നാഷണൽ പാർക്കുകൾക്കും വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോ മീറ്റർ ദൂരം നിർബന്ധിത പരിസ്ഥിതി ലോല മേഖലയായി (ബഫർ സോൺ ) ഇറക്കിയ ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. സുപ്രീം കോടതി വിധി ഏറ്റവും കൂടുതൽ ദുരിതം വിതക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ബഫർ സോൺ പ്രഖ്യാപിക്കുന്നതോടെ നാല് ലക്ഷം ഏക്കറിലധികം സ്വകാര്യ ഭൂമികൾ ബഫർസോൺ പരിധിയിൽപ്പെടും. വരും നാളുകളിൽ കടുത്ത നിയന്ത്രണങ്ങൾക്കാവും ഈ മേഖല സാക്ഷ്യം വഹിക്കേണ്ടി വരിക.

കരട് വിജ്ഞാപനത്തിൽ ബഫർസോൺ മേഖലയിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെ നിരോധിക്കേണ്ടവ, നിയന്ത്രിക്കേണ്ടവ, പ്രോത്സാഹിപ്പിക്കേണ്ടവ എന്നിങ്ങനെ മൂന്നായാണ് തരം തിരിച്ചിരിക്കുന്നത്. ക്വാറി , ഖനനം, വൻകിട ഫാക്ടറികൾ എന്നിവ നിരോധിക്കേണ്ട ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആയത് മലയോര മേഖലയിൽ നിരോധിക്കുന്നതിന് കർഷകർക്ക് യാതൊരു എതിർപ്പോ ആക്ഷേപങ്ങളോ ഇല്ലാത്തതാണ്.

വന്യജീവി സങ്കേതത്തിന് ഒരു കിലോ മീറ്റർ ദൂരം ചുറ്റളവിൽ താമസിക്കുന്ന ജനങ്ങൾ അവരുടെ ജീവിതോപാതിക്കായി ആശ്രയിക്കുന്നത് കൃഷിയെയാണ്. ബഫർ സോണിൽ നിയന്ത്രിക്കേണ്ട ഗണത്തിൽ പ്രധാനമായി പറഞ്ഞിരിക്കുന്നത് കൃഷിയാണ്. തദ്ദേശീയരായവരുടെ സ്വന്തം ആവശ്യങ്ങൾക്കായി മാത്രമേ കൃഷി ചെയ്യാവൂ എന്നും വാണിജ്യ ആവശ്യത്തിലേക്ക് കൃഷി ചെയ്യാൻ പാടില്ലായെന്നതും നിയമം ആവുന്ന പക്ഷം മലയോര കർഷകർക്ക് സ്വന്തം ഭൂമി എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരും. യാതൊരു തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും ബഫർ സോണിൽ പാടില്ലായെന്നത് വീട് വെക്കാനും കിണർ കുഴിക്കാനുമടക്കമുള അവകാശം നഷ്ടപ്പെടുകയാണ്. വൈദ്യുതി, റോഡ്, കേബിൾ തുടങ്ങിയ മനുഷ്യന്റെ എല്ലാ അടിസ്ഥാന ആവശ്യങ്ങൾക്കും കടുത്ത നിയന്ത്രണമാണ് ഈ മേഖലയിൽ കൊണ്ടുവരാൻ പോവുന്നത്.

രാജ്യത്തെ മുഴുവൻ നാഷണൽ പാർക്കുകൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും ഒരു കിലോ മീറ്റർ ദൂരം നിർബന്ധിത ബഫർസോൺ പ്രഖ്യാപിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത് ജൂൺ മൂന്നാം തിയ്യതിയാണ്. നിലവിൽ രാജ്യത്തിന്റെ നിയമമായി മാറിയിരിക്കയാണ് ഈ വിധി. സംസ്ഥാന സർക്കാറുകൾക്കൊ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കൊ പൊതുജനാഭിപ്രായം പരിഗണിച്ച് ഒരു കിലോ മീറ്റർ ദൂരം ബഫർസോൺ പരിധി കുറക്കണമെങ്കിലൊ, ഒരു കിലോ മീറ്റർ ദൂരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും വ്യക്തികൾക്കൊ സംഘടനകൾക്കൊ സെൻട്രൽ എംപവർ കമ്മിറ്റിയുടെ അനുമതിയോടെ സുപ്രീം കോടതിയെ സമീപിക്കാമെന്നും വിധിയിലുണ്ട്.

ബഫർസോൺ പരിധിയിലെ നിലവിലെ സാഹചര്യം എന്താണെന്ന് പഠിച്ച് മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് തയ്യാറാക്കാൻ ഡ്രോണുകളുടെയും സാറ്റലൈറ്റ് ഫോട്ടോഗ്രാഫിന്റെയും സഹായം തേടാമെന്നും വിധിയിൽ പറയുന്നു. കൃത്യമായ ഡാറ്റകൾ ശേഖരിക്കാതെ ആകാശ സർവ്വെ മാത്രം നടത്തുന്നപക്ഷം യഥാർത്ഥ വസ്തുത പുറത്ത് വരാൻ സാധിക്കുമെന്നതിൽ പ്രതീക്ഷയില്ല. നിലവിൽ എല്ലാ സ്ഥായിയായ നിർമ്മാണങ്ങളും ബഫർസോൺ മേഖലയിൽ നിരോധിച്ച് കൊണ്ടുള്ള വിധിയിൽ, ഇനിമുതൽ സമാനമായ കേസുകൾ ഇന്ത്യയിലെ മറ്റ് ഹൈക്കോടതികളിലൊ സബോർഡിനേറ്റ് കോടതികളിലൊ പരിഗണിക്കാൻ പാടില്ലായെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി വിധിയെ മറികടക്കാൻ ആവശ്യമായ നിയമ നിർമ്മാണം മാത്രമാണ് ഏക പോംവഴി. നിലവിൽ അതിരളവുകൾ കൃത്യമല്ലാത്ത വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾ നിർണ്ണയിച്ച് ജനവാസ മേഖലകളിൽ നിന്നും ബഫർ സോൺ പരിധി വനത്തിനകത്തേക്ക് നിജപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

അശാസ്ത്രീയമായ ബഫർസോൺ പ്രഖ്യാപനത്തിനെതിരെ ചക്കിട്ടപ്പാറയിൽ നടക്കുന്ന മലയോര കർഷകരുടെ പ്രതിഷേധ പരിപാടികൾക്ക് വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ പൂർണ്ണ പിന്തുണയുണ്ടാവുമെന്നും, പരിപാടി വിജയിപ്പിക്കാൻ മുഴുവൻ കർഷകരും രംഗത്തിറങ്ങണമെന്നും വി.ഫാം ചെയർമാൻ ജോയി കണ്ണൻചിറ പറഞ്ഞു.