ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ മരുന്നുൾപ്പെടെയുള്ള തുടർചികിത്സ; പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പും തുടർചികിത്സാ പദ്ധതിയുമായി വീ ബോണ്ട് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ


പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിലെ കുട്ടികൾക്കായി തുടർചികിത്സ പദ്ധതിയും ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സ്‌കൂൾ 1986 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ വീ ബോണ്ട് ആണ് യു.പി വിദ്യാർത്ഥികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിർവ്വഹിച്ചു. വീ ബോണ്ട് ചെയർമാൻ രഘുനാഥ് നല്ലാശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പിന് ശേഷം ആവശ്യമായി വരുന്ന കുട്ടികൾക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ മരുന്നുൾപ്പെടെയുള്ള തുടർചികിത്സയുമാണ് പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭ്യമാക്കുക.

അക്കാദമിക്ക്, പാലിയേറ്റീവ്, കായിക മേഖലകളിൽ ഒട്ടേറെ പരിപാടികളും പദ്ധതികളുമാണ് ഈ വർഷം വീ ബോണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന, ഗ്രാമ പഞ്ചായത്തംഗം സി.എം. സജുമാസ്റ്റർ, പി.ടി.എ. പ്രസിഡന്റ് പി.സി.ബാബു മാസ്റ്റർ, വി.ബി.രാജേഷ് മാസ്റ്റർ, പി.സ്മിത, അശോകൻ മഹാറാണി, യൂസഫ് വി., തുടങ്ങിയവർ സംസാരിച്ചു. ഡെപ്യൂട്ടി എച്ച്.എം റീന കെ.കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ വീ ബോണ്ട് കൺവീനർ ശോഭകല്ലോട്ട് നന്ദി രേഖപ്പെടുത്തി.