വയനാട് ഉരുൾപൊട്ടൽ ദുരന്തം; സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഖാചരണം
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് ദുഃഖാചരണമായിരിക്കും. മുണ്ടക്കൈയിൽ പ്രകൃതി ദുരന്തത്തിൽ അനേകംപേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിലും സർക്കാർ അതീവ ദുഃഖം രേഖപ്പെടുത്തി.
സംസ്ഥാനത്തൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. കൂടാതെ ഇന്നും നാളെയും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും മാറ്റിവെച്ചു.
സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട് സംഭവിച്ചിരിക്കുന്നത്. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടിയത്. 83 പേർ ദുരന്തത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഒട്ടനവധി പേർ ഇനിയും പ്രദേശത്ത് കുടുങ്ങി കിടപ്പുണ്ട്. അപകടം നടന്നയിടത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്