വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത്പ്പിടിച്ച് കുറ്റ്യാടി; മുഹമ്മദ് മാഷ് സംഭാവനയായി നല്‍കിയത് ഒരു ലക്ഷം രൂപ
കുറ്റ്യാടി: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത്പ്പിടിച്ച് നാട്. കുറ്റ്യാടി സ്വദേശി വി.വി മുഹമ്മദ് ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. കുറ്റ്യാടി എം ഐ യുപി സ്‌ക്കൂളിലെ അധ്യാപകനായിരുന്ന മുഹമ്മദ് തൻറെ വ്യക്തിപരമായ കാര്യങ്ങൾക്കായി നീക്കിവെച്ച പെൻഷൻ തുകയിൽ നിന്നുമാണ് ഒരു ലക്ഷം രൂപ വയനാടിനായി നല്‍കിയത്.
ഒരുലക്ഷം രൂപയുടെ ചെക്ക് മുഹമ്മദിന്റെ കൈയ്യില്‍ നിന്നും എംഎല്‍എ കെ.പി കുഞ്ഞമ്മദ് കുട്ടി ഏറ്റുവാങ്ങി. വയനാട് ദുരന്ത പശ്ചാത്തലത്തിൽ, സഹജീവികളുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്ത്, സുമനസ്സുകൾ മാതൃകകൾ സൃഷ്ടിക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു.