വയനാട് ഉരുള്‍പൊട്ടല്‍: ഇതുവരെ രക്ഷിച്ചത് 1500ലേറെ പേരെ; ബെയ്‌ലി പാല നിര്‍മ്മാണം അവസാന ഘട്ടത്തിൽ


മേപ്പാടി: കേരളത്തെ ഞെട്ടിച്ച മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ നിന്നും ഇതിനകം രക്ഷിച്ചത് 1500ലേറെ പേരെ. കരസേന, നാവിക സേന, ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന പ്രവര്‍ത്തകരും പൊലീസും സന്നദ്ധ പ്രവര്‍ത്തകരുമാണ് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നത്.

ബുധനാഴ്ചയാണ് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരാനായത്. ചൊവ്വാഴ്ച ഇവിടുത്തെ മദ്രസയില്‍ സൂക്ഷിച്ച 18 മൃതദേഹങ്ങള്‍ ബുധനാഴ്ച പുറത്തെത്തിച്ചു. ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

ചൂരല്‍മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലം ഇന്ന് ഉച്ചയ്ക്ക് മുമ്പായി സജ്ജമാകും. പ്രതികൂല കാലാവസ്ഥയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും കടുത്ത വെല്ലുവിളി യാവുന്നുണഅട്. പെയ്‌ലി പാലനിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജെ.സി.ബി യടക്കമുള്ള യന്ത്രസാമഗ്രികള്‍ മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാന്‍ കഴിയും. ഇതോടെ തിരച്ചിലിന് വേഗം കൂടും.

ദുരന്തത്തില്‍ ഇതുവരെ 252 പേര്‍ മരിച്ചതായാണഅ് വിവരം. ഇരുനൂറോളം പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 158 മരണങ്ങളാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞു.