വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം; മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് നിബന്ധനകൾക്ക് വിധേയമായി. ദുരന്തത്തിൽ മാതാപിതാക്കളിൽ രണ്ട് പേരെയും നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാളെ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കുമാണ് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
21 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതമാണ് ധനസഹായം അനുവദിക്കുക.വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണ് സർക്കാരിന്റെ ഈ സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനായി പണം അനുവദിക്കാനും തീരുമാനമായി. കുട്ടികൾക്ക് 18 വയസ് പൂർത്തിയാകുന്നത് വരെ തുക വയനാട് ജില്ലാ കളക്ടറുടെ അക്കൗണ്ടിലാണ് സൂക്ഷിക്കുക.

തുകയുടെ പലിശ മാസം തോറും പിൻവലിക്കാനാവും. കുട്ടികളുടെ നിലവിലുള്ള രക്ഷകർത്താവിന് പലിശ നൽകാൻ കളക്ടറെ യോഗത്തിൽ ചുമതലപ്പെടുത്തി.