ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധം: നവംബര്‍ 19ന് വയനാട്ടില്‍ ഹര്‍ത്താല്‍


കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഈ മാസം 19ന് യുഡിഎഫ്, എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയാണ് യു.ഡി.എഫ് ഹര്‍ത്താല്‍. കേന്ദ്ര സഹായ നിഷേധത്തിനെതിരെയാണ് എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പ്രധാനമന്ത്രിയുടേത് മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനമാണെന്ന് ടി.സിദ്ദിഖ് എം.എല്‍.എ ആരോപിച്ചു. പ്രകൃതിദുരന്തമുണ്ടായ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കി. എന്നാല്‍ വയനാടിനെ മാത്രം അവഗണിക്കുകയാണ്. ഇത് പ്രാകൃത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടേത് വാഗ്ദാന ലംഘനമാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ അടച്ചിടും. വാഹനങ്ങള്‍ നിരത്തിലിറക്കില്ല. രാജ്യം ശ്രദ്ധിക്കുന്ന രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഒരു അക്രമവുമുമ്ടാവില്ല. മൂന്ന് നിയോജക മണ്ഡലങ്ങളിലും പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തുമെന്നും എം.എല്‍.എ പറഞ്ഞു.

Summary: wayanad-harthal-on november 19