ബത്തേരിയില്‍ ഹെഡ്ലൈറ്റിനെ ചൊല്ലി തര്‍ക്കം, കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടിപരിക്കേല്‍പ്പിച്ചു; നാല് പേര്‍ അറസ്റ്റില്‍


ബത്തേരി: ചെതലയം ആറാം മൈലില്‍ കാറിലിരിക്കുകയായിരുന്ന രണ്ടു യുവാക്കളെ സാരമായി വെട്ടിപ്പരുക്കേല്‍പിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. പുത്തന്‍കുന്ന് പാലപ്പെട്ടി സംജാദ് (27), നമ്പിക്കൊല്ലി നെന്മേനിക്കുന്ന് പരിവാരത്ത് രാഹുല്‍ (26), കൈപ്പഞ്ചേരി ആലഞ്ചേരി നൗഷാദ്(45), നൂല്‍പുഴ മുക്കുത്തിക്കുന്ന് തടത്തിച്ചാലില്‍ തിഞ്ചു(27) എന്നിവരാണ് അറസ്റ്റിലായത്. വെട്ടേറ്റ് ചികിത്സ തേടിയ ചെതലയം സ്വദേശികളായ സൂരജിന്റെയും അരുണിന്റെയും പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ 15നാണ് കേസിന് ആസ്പദമായ സംഭവം. ചേനാട് ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം കഴിഞ്ഞു രാത്രി ഒമ്പത് മണിയോടെ റോഡരികില്‍ നിര്‍ത്തിയിട്ട തങ്ങളുടെ കാറില്‍ ഇരിക്കുകയായിരുന്നു സൂരജും അരുണും. കാറിന്റെ ഹെഡ്ലൈറ്റ് കെടുത്തിയിരുന്നില്ല. അപ്പോള്‍ ബത്തേരി ഭാഗത്തേക്ക് കാറില്‍ വരികയായിരുന്നു നാലംഗ സംഘം. ഹെഡ്ലൈറ്റ് കെടുത്താത്തതിനെ കാറിലെത്തിയ സംജാദും സംഘവും ചോദ്യം ചെയ്തു. ലൈറ്റ് കെടുത്താനും ആവശ്യപ്പെട്ടു. എന്നാല്‍ കാറിലിരുന്നവര്‍ അതിന് തയാറായില്ല. തര്‍ക്കവും തുടര്‍ന്ന് കയ്യാങ്കളിയുമായി. ഇതിനിടെ നാലംഗ സംഘം ക്ഷുഭിതരായി കത്തി ഉപയോഗിച്ച് സൂരജിന്റെ കഴുത്തിനും അരുണിന്റെ പുറത്തും വെട്ടി. പരുക്കേറ്റു വീണ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

കാറില്‍ കടന്നു കളഞ്ഞ അക്രമി സംഘം പിന്നീട് പലയിടങ്ങളിലേക്കു മുങ്ങി. സംജാദിനെ മലപ്പുറത്തു നിന്നും രാഹുല്‍, തിഞ്ചു എന്നിവരെ വേളാങ്കണ്ണിയില്‍ നിന്നു മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടയിലുമാണു പിടികൂടിയത്. നൗഷാദിനെ ബത്തേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.അക്രമി സംഘം സഞ്ചരിച്ച കാര്‍ പാട്ടവയലില്‍ നിന്നു കണ്ടെടുത്തു. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. ബത്തേരി എസ്‌ഐ ജെ. ഷജീം, പൊലീസുകാരായ പി.വിജീഷ്, കെ. കുഞ്ഞന്‍, വരുണ്‍, ആര്‍. രതീഷ്, ടി.ഡി. സന്തോഷ് എന്നിവര്‍ ചേര്‍ന്നാണു നാലു പേരെയും പിടികൂടിയത്.