കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം; വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും


തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണം. 13നാണ് വോട്ടെടുപ്പ്. കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ലേക്ക് നീട്ടിയിരുന്നു.18നാണ് ഇവിടെ പരസ്യപ്രചാരണം അവസാനിക്കുക.

മണ്ഡലങ്ങളിൽ മൂന്ന് മുന്നണികളും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ചേലക്കരയിൽ എൽഡിഎഫിനായി യു ആർ പ്രദീപും യുഡിഎഫിനായി രമ്യ ഹരിദാസും എൻഡിഎയ്ക്കായി കെ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർഥി. സിപിഐ നേതാവ് സത്യൻ മൊകേരിയാണ് എൽഡിഎഫിനായി മത്സരരംഗത്തുള്ളത്. നവ്യ ഹരിദാസ് ആണ് എൻഡിഎ സ്ഥാനാർഥി.

വയനാട്ടിൽ കൊട്ടിക്കലാശത്തിന് ആവേശം പകരാൻ പ്രിയങ്ക ​ഗാന്ധിയ്ക്ക് ഒപ്പം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കും.