സഞ്ചാരികള്‍ക്കായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മലബാറിന്റെ ഗവി; വയലട റൂറല്‍ ടൂറിസം ഡെവലപ്‌മെന്റ് പദ്ധതി ഉദ്ഘാടനം ജനുവരി 29 ന്


ബാലുശ്ശരി: സഞ്ചാരികള്‍ക്കായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലട. ഒന്നാം ഘട്ട വികസനത്തിനായി 3.04 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 3 കോടി 52000 രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. പവലിയന്‍, പ്രധാന കവാടം, സൂചനാ ബോര്‍ഡുകള്‍, ലാന്റ്‌സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങള്‍, ഫുഡ് കോര്‍ട്ട്, കോഫീഷോപ്പ്, സോളാര്‍ ലൈറ്റ്, ശുചിമുറി, ഫെസിലിറ്റേഷന്‍ സെന്റര്‍, വ്യൂ പോയിന്റ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രധാന ഘടകങ്ങള്‍.

വയലട റൂറല്‍ ടൂറിസം ഡെവലപ്‌മെന്റ് പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 29 ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. വയലട റൂറല്‍ ടൂറിസം ഡെവലപ്‌മെന്റ് പദ്ധതിയുടെ ഒന്നാം ഘട്ടം സ്വകാര്യ വ്യക്തികളില്‍ നിന്നും വിട്ടുകിട്ടിയ സ്ഥലത്താണ് നടപ്പിലാക്കിയത്. പ്ലോട്ടുകളില്‍ ആയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് ഡി.ടി.പി.സി മുഖന നടപ്പാക്കുന്ന വയലട റൂറല്‍ ടൂറിസം ഡെവലപ്‌മെന്റ് പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി-ലിമിറ്റഡ് (കെ.ഇ.എല്‍) ആണ്.

സമുദ്രനിരപ്പില്‍ നിന്ന് 1400 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വയലട കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങലിലൊന്നാണ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലൂടെ ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.