കുറ്റ്യാടി പുഴയോര സംരക്ഷണത്തിന് സ്‌പെഷല്‍ സ്‌കീം രൂപപ്പെടുത്തും; നിയമസഭയില്‍ കെ.പി കുഞ്ഞമ്മദ്കുട്ടി എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടിയായി മന്ത്രി റോഷി അഗസ്റ്റിന്‍


കുറ്റ്യാടി: കുറ്റ്യാടിപ്പുഴത്തീരം സംരക്ഷിക്കാന്‍ സ്‌പെഷല്‍ സ്‌കീം രൂപപ്പെടുത്തുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ അറിയിച്ചു. കെ.പി കുഞ്ഞമ്മദ്കുട്ടി എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് ഇതറിയിച്ചത്.

പുഴയുടെ തീരം തകര്‍ച്ച കാരണം നിരവധി വീടുകളും കൃഷിയിടങ്ങളും ഒഴുകിപ്പോകുമെന്ന അവസ്ഥയില്‍ ആശങ്കയിലാണ് പുഴയോര വാസികള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുഴയോരം സംരക്ഷിക്കുന്നതിന് നാമമാത്രമായ തുകയാണ് ലഭിച്ചത്. കുറ്റ്യാടി, വേളം തിരുവള്ളൂര്‍, മണിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ഏറ്റവും കൂടുതല്‍ അപകടം നിലനില്‍ക്കുന്ന ഭാഗങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിന് 11.37 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്.

പ്രസ്തുത എസ്റ്റിമേറ്റിന് അടിയന്തരമായി അംഗീകാരം നല്‍കണമെന്നും സ്ഥലം നഷ്ടപ്പെട്ട ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സബ്മിഷനിലൂടെ അഭ്യര്‍ഥിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും 2018- 19, 2020- 21 സാമ്പത്തിക വര്‍ഷങ്ങളിലായി ഏഴ് പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കി പൂര്‍ത്തീകരിച്ചു. 21 -22 വര്‍ഷം 40.50 ലക്ഷം രൂപക്ക് ഭരണാനുമതി നല്‍കിയെന്നും അറിയിച്ചു.

വേളം ഗ്രാമപഞ്ചായത്തിലെ ചോയിമഠം ഭാഗത്തെ പ്രവൃത്തി പുരോഗമിച്ചു വരുകയാണ്. അപകട ഭീഷണിയുള്ള പുഴയോരം കെട്ടി സംരക്ഷിക്കുന്നതിനായുള്ള എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ടെന്നും ഫണ്ട് ലഭ്യതക്കനുസരിച്ച് നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള ഡാമുകളെക്കുറിച്ച് പഠനം നടത്താനും വൈദ്യുതി വകുപ്പുമായി ചേര്‍ന്ന് വൈദ്യുതി ഉല്‍പാദനത്തിനുള്ള സാധ്യതയും ഇറിഗേഷന്‍ സാധ്യതയും പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം പദ്ധതികളിലൂടെ കുറ്റ്യാടി പുഴയോരത്തുള്ള പ്രദേശത്തെ സംരക്ഷിക്കാനുള്ള ഒരു സ്‌പെഷല്‍ സ്‌കീം രൂപപ്പെടുത്തുന്നത് കൂടി സര്‍ക്കാര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

summary: water resources minister Roshi Augustine announced in the assembly that a special scheme will be formulated to protect kuttyadippuzha banks