കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡില്‍ വെള്ളക്കെട്ട്; അടിയന്തര ഇടപെടല്‍ വേണമെന്ന് നാട്ടുകാര്‍


പേരാമ്പ്ര: കടിയങ്ങാട് -പെരുവണ്ണാമൂഴി റോഡിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം റോഡില്‍ കടിയങ്ങാട് എല്‍.പി സ്‌കൂള്‍ റോഡ് കവാടത്തിന് സമീപമാണ് വെള്ളക്കെട്ടുളളത്. അധികൃതര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കടിയങ്ങാട് പൂഴിത്തോട് റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഓവുചാലും കലുങ്കും നിര്‍മിച്ച സ്ഥലത്താണ് വെള്ളം കെട്ടിനില്‍ക്കുന്നത്. മഴക്കാലത്ത് റോഡിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം ഓവുചാലിലേക്ക് ഒഴുകി പോവാതെ റോഡില്‍ കെട്ടികിടക്കുകയാണ്. ഓവുചാലിനനുസരിച്ച് റോഡ് ഉയര്‍ത്താത്തതാണ് വെള്ളം കെട്ടി നില്‍ക്കാന്‍ പ്രധാന കാരണം. ഇവിടെ റോഡ് ഉയര്‍ത്തി ടാറിങ് നടത്തുന്ന പണി ഇതുവരെ തുടങ്ങിയിട്ടില്ല.


നിര്‍ത്തി വെച്ച റോഡ് പണി തുടങ്ങുന്നവരെയെങ്കിലും താത്കാലികമായി ക്വാറി വെയിസ്റ്റ് ഇട്ട് റോഡ് ഉയര്‍ത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വെള്ളത്തിലൂടെയുളള യാത്രയിലൂടെ ഇരുചക്ര വാഹനങ്ങള്‍ പലപ്പോഴും വെള്ളക്കെട്ടില്‍ വീണ് അപകടത്തില്‍പ്പെടാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്. കടിയങ്ങാട് റൂട്ടിലെ സൂപ്പിക്കട, പന്തിരിക്കര ടൗണ്‍ എന്നിവിടങ്ങളിലും സമാന സ്ഥിതിയാണ്.