കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി; ഡാം കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ പ്രവാഹം
കക്കയം: മഴ ശക്തമായതോടെ കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി. ഇതോടെ ഡാമിലെ മഴക്കാല കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ പ്രവാഹമാണ്. കഴിഞ്ഞ ദിവസം കക്കയം ഡാമിലെ ജലനിരപ്പ് 2456 അടിയാണ്. 2485അടി ആകുമ്പോൾ ഷട്ടർ തുറക്കും. 190 എംഎം മഴ ഡാം മേഖലയിൽ ലഭിച്ചിരുന്നു.
പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് 38.89 മീറ്റർ ആണ്. ഡാം മേഖലയിൽ 157 എംഎം മഴ ലഭിച്ചു. നാല് സ്പിൽവേ ഷട്ടറുകൾ തുറന്ന് സെക്കൻഡിൽ 163.57 എംക്യൂബ് ജലം കുറ്റ്യാടി പുഴയിലേക്ക് ഒഴുക്കുന്നുണ്ട്.
ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നതിനാൽ ജലപ്രവാഹം കാണുന്നതിനായി ഒട്ടേറെ വിനോദ സഞ്ചാരികൾ പെരുവണ്ണാമൂഴിയിൽ എത്തുന്നുണ്ട്. അതീവ സുന്ദരമാണ് ഈ കാഴ്ച. ടൂറിസ്റ്റുകൾ ഫോട്ടോയും, സെൽഫിയുമെടുത്താണ് മടങ്ങുന്നത്.