ചെമ്പനോടയില്‍ കടന്തറ പുഴ കരകവിഞ്ഞൊഴുകുന്നു: പൂഴിത്തോട് മലയില്‍ ഉരുള്‍പൊട്ടിയതിനാലെന്ന് നാട്ടുകാര്‍; ഓഞ്ഞിപ്പുഴയില്‍ വെള്ളം കയറി റോഡ് ഗതാഗതം തടസപ്പെട്ടു


ചക്കിട്ടപ്പാറ: ചെമ്പനോട കടന്തറ പുഴ കരകവിഞ്ഞൊഴുകുന്നു. പൂഴിത്തോട് മലയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതിനാലാണ് പുഴയില്‍ വെള്ളം കൂടിയതെന്ന് പ്രദേശവാസികള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

പൂഴിത്തോട് മലയില്‍ മഴ ശക്തമാകുമ്പോള്‍ ഉരുള്‍ പൊട്ടലുകള്‍ പതിവാണെന്ന് പ്രദേശത്തുകാര്‍ പറയുന്നു. പുഴയില്‍ വെള്ളവും ഒഴുക്കും ശക്തമാകുമെന്നത് ഒഴിച്ചാല്‍ നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടുകളൊന്നും ഇതുകാരണമുണ്ടാകാറില്ല.

ചെമ്പനോട ഓഞ്ഞിപ്പുഴയിലും വെള്ളം കയറിയിട്ടുണ്ട്. പുഴവെള്ളം റോഡിലും പാലത്തിലും നിറഞ്ഞതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ട്. ചെമ്പനോട മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്.