പെരുവണ്ണാമൂഴി ഡാമില്‍നിന്ന് കനാലിലേക്കുള്ള ജലവിതരണം 20ന് ആരംഭിക്കും; ആദ്യം തുറക്കുന്നത് ഇടതുകര പ്രധാനകനാല്‍


പേരാമ്പ്ര: കുറ്റ്യാടി ജലസേചനപദ്ധതിയിലെ പെരുവണ്ണാമൂഴി ഡാമില്‍നിന്ന് കനാലിലേക്കുള്ള ജലവിതരണം ഈ മാസം 20-ന് ആരംഭിക്കും. വേനല്‍ക്കാലമെത്തുന്നതോടെ നിരവധി ജനങ്ങലുടെ കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനുമായുള്ള പ്രധാന ആശ്രയമാണ് ഈ പദ്ധതി. കൊയിലാണ്ടി താലൂക്കുകളിലേക്ക് വെള്ളമെത്തുന്ന ഇടതുകര പ്രധാനകനാലാണ് ആദ്യം തുറക്കുക.

ഇതിനുമുന്നോടിയായി കളക്ടര്‍ ചെയര്‍മാനായുള്ള പദ്ധതി ഉപദേശകസമിതി യോഗവും ഡിവിഷന്‍തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരും കൃഷി ഓഫീസര്‍മാരും പാടശേഖരസമിതി ഭാരവാഹികളും അടങ്ങുന്ന കനാല്‍ കമ്മിറ്റി യോഗവും നടന്നു. ഓരോ മേഖലയിലേക്കും വെള്ളമെത്തിക്കുന്ന കരട് തീയതിയും നിശ്ചയിച്ചു. വെള്ളം അത്യാവശ്യമായ സ്ഥലങ്ങള്‍ക്കാണ് ആദ്യപരിഗണന. കൃഷി ഓഫീസര്‍മാരുടെയും കര്‍ഷകരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാകും നടപടി.

വിവിധ പ്രദേശങ്ങളില്‍ കൃഷിക്ക് വെള്ളം അത്യാവശ്യമാണെന്നകാര്യം പാടശേഖരപ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ചില ഭാഗത്ത് ഇപ്പോള്‍ നിശ്ചയിച്ച സമയത്ത് ജലവിതരണം തുടങ്ങേണ്ടതില്ലെന്ന അഭിപ്രായവുമുണ്ടായി. കനാല്‍ ശുചീകരണവും പ്രവൃത്തികളും പൂര്‍ത്തിയാകാന്‍ വൈകിയതിനാലാണ് കനാല്‍ തുറക്കാന്‍ വൈകിയത്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി 24-നാണ് കനാല്‍ തുറന്നത്. വലതുകര പ്രധാനകനാലില്‍ മരുതോങ്കര മുണ്ടക്കുറ്റി ഭാഗത്ത് കനാല്‍ തകര്‍ന്നത് നന്നാക്കിയശേഷമാണ് ആ ഭാഗത്തേക്ക് കഴിഞ്ഞവര്‍ഷം വെള്ളം നല്‍കാന്‍ കഴിഞ്ഞത്. ഇത്തവണ അവിടെ കനാല്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്ന പണി പൂര്‍ത്തിയായി.