ജില്ലയിലെ ജലാശയങ്ങള്‍ വൃത്തിയാകുന്നു; ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്‍ ഡിസംബര്‍ മുതല്‍


കോഴിക്കോട്‌: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന ‘ഇനി ഞാനൊഴുകട്ടെ’ ക്യാമ്പയിനിലൂടെ ജില്ലയിലെ ജലാശയങ്ങള്‍ 2025 മാര്‍ച്ചോടെ വൃത്തിയാക്കും. ജില്ലാതല ജലസാങ്കേതിക സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ജലാശയങ്ങളുടെ വീണ്ടെടുപ്പ് ജനകീയമായി നടത്തുന്ന പരിപാടിയായ ‘ഇനി ഞാനൊഴുകട്ടെ’യുടെ പ്രവര്‍ത്തനം ഹരിതകേരളം മിഷന്‍ സ്ഥാപക ദിനമായ ഡിസംബര്‍ എട്ടിനു തുടങ്ങി മാര്‍ച്ച് 21 ന് അവസാനിക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

‘ഇനി ഞാനൊഴുകട്ടെ’ ക്യാമ്പയിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 98 തോടുകളും രണ്ടാം ഘട്ടത്തില്‍ 457 തോടുകളും വീണ്ടെടുത്തിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിതകേരളം മിഷന്‍, ജലസേചന വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, മണ്ണ് സംരക്ഷണ വകുപ്പ്, ഭൂജല വകുപ്പ് തുടങ്ങി വകുപ്പുകളുടെ ഏകോപനത്തോടെയാണ് പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്.

ശുചീകരണത്തിന്റെ ഭാഗമായി ശേഖരിക്കപ്പെടുന്ന മാലിന്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യാനും ജലബജറ്റിലും മാപ്പത്തോണിലും നീരുറവ് പദ്ധതിയിലും കണ്ടെത്തിയ നീര്‍ച്ചാലുകള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു.

Description: Water bodies in the district are becoming cleaner