പൊറുതിമുട്ടി നാട്ടുകാര്‍; ചങ്ങരോത്ത് റോഡരികുകളിലും കനാലിലും മാലിന്യം തള്ളുന്നത് പതിവാകുന്നു


പേരാമ്പ്ര: ചങ്ങരോത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. ചാക്കുകണക്കിന് മാലിന്യമാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കുന്നുകൂടിക്കിടക്കുന്നത്. മാസങ്ങളായിട്ടും ഇത് മാറ്റാന്‍ ആരും തയ്യാറായിട്ടില്ല.

വടക്കുമ്പാട് സ്‌കൂളിന് സമീപത്ത് രണ്ടിടത്താണ് മാലിന്യം കൂടിക്കിടക്കുന്നത്. ആദ്യം ഒരിടത്തായിരുന്നു ഉള്ളത്. പിന്നീട് സാമൂഹ്യവിരുദ്ധര്‍ മറ്റൊരിടത്തും മാലിന്യം ഇടാന്‍ തുടങ്ങുകയായിരുന്നു.

നേരത്തേ വടക്കുമ്പാടുള്ള മൃഗാശുപത്രി റോഡിന് സമീപമായിരുന്നു ചാക്കുകണക്കിന് മാലിന്യം കെട്ടികിടന്നിരുന്നത്. പരാതിയെ തുടര്‍ന്ന് ഇവിടെനിന്ന് നീക്കിയപ്പോഴാണ് പുതിയ സ്ഥലത്ത് മാലിന്യം കൊണ്ടിടാന്‍ തുടങ്ങിയത്.

കുറ്റ്യാടി ജലസേചന പദ്ധതിയിലെ ബ്രാഞ്ച് കനാലിന് സമീപവും വടക്കുമ്പാട് കന്നാട്ടി റോഡരികില്‍ മാലിന്യച്ചാക്കുകള്‍ നിറഞ്ഞിരിക്കുകയാണ്. ഇവിടെയും ആദ്യം കൊണ്ടിട്ടതിന്റെ ഇരട്ടിയോളമായി ചാക്കുകള്‍ കുന്നുകൂടി കിടക്കുകയാണ്. കനാലിന് സമീപത്തുകൂടിയുള്ള വഴിയില്‍ വരെ മാലിന്യം കൊണ്ടിട്ടതോടെ യാത്രക്കാര്‍ക്ക് നടക്കാന്‍പോലും പറ്റാത്ത സ്ഥിതിയാണ്. കടിയങ്ങാട് പന്തിരിക്കര റോഡില്‍ സൂപ്പിക്കട മദ്രസ സ്റ്റോപ്പിന് സമീപവും ലാസ്റ്റ് പന്തിരിക്കരയ്ക്ക് സമീപവും ചാക്കുകളില്‍ മാലിന്യംതള്ളുന്നത് തുടരുകയാണ്.

പഞ്ചായത്ത് ഓഫീസിന് സമീപം പഴയ കൃഷിഭവന്‍ കെട്ടിടത്തിന് മുന്നിലും മാലിന്യം കുന്നുകൂടികിടക്കുകയാണ്. വാര്‍ഡുകളിലെ വീടുകളില്‍നിന്ന് പഞ്ചായത്ത് നിയോഗിച്ചവര്‍ ശേഖരിക്കുന്ന മാലിന്യംമാത്രമാണ് കയറ്റി അയക്കാന്‍ ഗ്രാമപ്പഞ്ചായത്ത് സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം താത്കാലികമായി സൂക്ഷിക്കാനും സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്.

കരാര്‍ നല്‍കിയവര്‍ ഇത് കയറ്റി കൊണ്ടുപോവുകയുംചെയ്യും. മറ്റിടങ്ങളില്‍ മാലിന്യംകൊണ്ടിടുന്നത് പഞ്ചായത്ത് കര്‍ശനമായി വിലക്കിയിരുന്നു. എന്നാല്‍ റോഡരികില്‍ ചിലര്‍ പതിവായി മാലിന്യം കൊണ്ടിടുകയാണ്. ഇങ്ങനെ നിക്ഷേപിച്ച മാലിന്യം നേരത്തേ വാഹനത്തില്‍ കയറ്റി അയക്കാന്‍ പഞ്ചായത്ത് മുന്‍കൈയെടുത്തിരുന്നു.