ഹരിതകർമസേന വീടുകളിൽ നിന്ന് പ്ലാസ്റ്റിക്കിന് പുറമെ ചില്ലും മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കണം; ഉത്തരവിട്ട് തദ്ദേശവകുപ്പ് ഡയറക്ടർ


ആലപ്പുഴ: ഹരിതകർമസേന വീടുകളിൽനിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉൾപ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് ഉത്തരവ്. ചില്ല് നിശ്ചിതകേന്ദ്രങ്ങളിൽ വീട്ടുടമ എത്തിക്കണമെന്ന് ചിലയിടങ്ങളിൽ ഹരിതകർമസേനാംഗങ്ങൾ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു.ഇതോ തുടർന്നാണ് തദ്ദേശവകുപ്പ് ഡയറക്ടർ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഉത്തരവു നൽകിയത്.

2023 മാർച്ചിലെ സർക്കാർ ഉത്തരവു പ്രകാരം ചില്ലുശേഖരണം ഹരിതകർമസേനയുടെ ഉത്തരവാദിത്വമാണ്. ഇവ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാൻ ട്രോളി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. ഹരിതസേനയ്ക്കായുള്ള പാഴ്വസ്തു ശേഖരണ കലണ്ടർ വീണ്ടും അച്ചടിച്ചു നൽകുന്നതിനുള്ള ശ്രമവും തദ്ദേശസ്ഥാപനങ്ങൾ തുടങ്ങി. ഇതുപ്രകാരം ഓരോ മാസവും ശേഖരിക്കുന്ന മാലിന്യമേതെന്ന് മുൻകൂട്ടി അറിയിക്കണം.

പാഴ് വസ്തുശേഖരണ കലണ്ടർ പ്രകാരം ശേഖരിക്കേണ്ട മാലിന്യങ്ങൾ

ജനുവരി, ജൂലായ്: ഇ-വേസ്റ്റ്
ഫെബ്രുവരി: തുണിമാലിന്യം
മാർച്ച്, ഒക്ടോബർ: ആപത്കരമായ ഇ-മാലിന്യങ്ങൾ (പിക്ചർ ട്യൂബ്, ബൾബ്, ട്യൂബ്)
ഏപ്രിൽ, നവംബർ: ചെരിപ്പ്, ബാഗ്, തെർമോകോൾ, തുകൽ, അപ്‌ഹോൾസ്റ്ററി വേസ്റ്റ്, പ്ലാസ്റ്റിക് പായ, മെത്ത, തലയണ
മേയ്, ഡിസംബർ: കുപ്പി, ചില്ലു മാലിന്യങ്ങൾ
ജൂൺ: ടയർ
ഓഗസ്റ്റ്: പോളി എത്‌ലിൻ പ്രിന്റിങ് ഷീറ്റ്, സ്‌ക്രാപ് ഇനങ്ങൾ
സെപ്റ്റംബർ: മരുന്നു സ്ട്രിപ്