പന്തിരിക്കരയില്‍ റോഡിരികില്‍ പുഴുവരിച്ച് ദുര്‍ഗന്ധം വമിക്കുന്ന ആറവുമാലിന്യം ബൈക്കില്‍ ഉപേക്ഷിച്ച നിലയില്‍; പൊലീസില്‍ പരാതിപ്പെട്ട് നാട്ടുകാര്‍


പേരാമ്പ്ര: റോഡരികില്‍ അറവുമാലിന്യം നിക്ഷേപിച്ച് സാമൂഹ്യവിരുദ്ധര്‍. കടിയങ്ങാട് പെരുവണ്ണാമുഴി റോഡിൽ പന്തിരിക്കര പള്ളിക്കുന്ന് കോക്കാട് റോഡിനു സമീപത്താണ് പഴക്കം ചെന്ന് പുഴു അരിക്കുന്ന അറവു മാലിന്യം തള്ളിയത്. ബൈക്കിൽ കൊണ്ടുവന്ന് ഉപേക്ഷിച്ച നിലയിലാണ് മാലിന്യം കാണപ്പെട്ടത്.

രണ്ട് ദിവസമായി ഒരു ബൈക്ക് ഈ പ്രദേശത്ത് റോഡരികിലായി കിടക്കുന്നുണ്ട്. ദുർഗന്ധം കാരണം വണ്ടിയിലുള്ള പെട്ടിയിൽ നിന്നു മാലിന്യം തെരുവു നായ്ക്കൾ കടിച്ചു വലിക്കാൻ തുടങ്ങിയതോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

ദുർഗന്ധം കാരണം മൂക്ക് പൊത്തി മാത്രമേ ഇതുവഴി നടന്ന് പോകാനാവൂ. നായ്ക്കൾ അറവ് മാലിന്യം കടിച്ചെടുത്ത് പ്രദേശത്തെ പറമ്പുകളിൽ കൊണ്ടിടുന്നുണ്ട്. മഴ പെയ്യുമ്പോൾ മാലിന്യം കിണറിലേക്കിറങ്ങി കുടിവെള്ളം മലിനമായി അതുവഴി പകർച്ചവ്യാധികൾ പടരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. മുന്‍പും ഈ ഭാഗത്ത് കോഴിമാലിന്യവും ഹോട്ടൽ മാലിന്യവും തള്ളുന്നതായി പരാതി ഉയര്‍ന്നിരുന്നു. തെരുവ് നായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്. സംഭവത്തില്‍ നാട്ടുകാർ പെരുവണ്ണാമുഴി പൊലീസിൽ പരാതി നൽകി.