മരത്തില്‍ കൂട്കൂട്ടി കടന്നല്‍കൂട്ടം; കക്കയം ഡാം റോഡില്‍ ടൂറിസ്റ്റുകള്‍ക്ക് ഭീഷണിയാവുന്നതായി പരാതി


കൂരാച്ചുണ്ട്: കക്കയത്ത് സന്ദര്‍ശകര്‍ക്ക് ഭീഷണിയായി കടന്നല്‍ കൂട് കൂട്ടിയതായി പരാതി. കക്കയം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും കക്കയം ഡാം സൈറ്റ് എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിയില്‍ ഡാം റോഡിലെ സിസിലി മുക്കിലെ മരത്തിലാണ് കടന്നല്‍കൂട്ടം കൂട് കൂട്ടിയിരിക്കുന്നത്.

റോഡിലേക്ക് താഴ്ന്ന് ചാഞ്ഞു കിടക്കുന്ന മരച്ചില്ലയിലാണ് കടന്നല്‍കൂട് ഉള്ളത്. അതിനാല്‍ തന്നെ ഇത് സഞ്ചാരികള്‍ക്ക് വലിയ ഭീഷണിയാവുകയാണ്. അടുത്തിടെ കക്കയം സ്വദേശികളായ ആറു വിദ്യാര്‍ഥികള്‍ക്ക് ഈ പ്രദേശത്തു നിന്നും കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

ബന്ധപ്പെട്ട അധികൃതര്‍ ഇതുവഴി യാത്ര ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ് വിനോദ സഞ്ചാരികള്‍ ആവശ്യപ്പെടുന്നത്. കടന്നല്‍കൂട് നശിപ്പിക്കാന്‍ അധികൃതരെ സമീപിച്ചപ്പോള്‍ മേലധികാരികളുടെ അനുമതി വേണമെന്നാണ് ഇവര്‍ പറയുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.