തൂണേരി മുടവന്തേരിയില്‍ തൊഴിലുറപ്പ് പണിക്കിടെ കടന്നല്‍ ആക്രമണം; ഇരുപതോളം പേര്‍ക്ക് കുത്തേറ്റു, 2 പേര്‍ക്ക് ഗുരുതര പരിക്ക്


നാദാപുരം: തൂണേരി മുടവന്തേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്‌. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മഠത്തില്‍ കൊയിലോത്ത് ചന്ദ്രി, കിഴക്കനാണ്ടിയില്‍ സീന, നാളൂര്‍താഴെ കുനിയില്‍ സൗമ്യ, നടുക്കണ്ടിതാഴെ കുനിയില്‍ ബാലകൃഷ്ണന്‍, കളത്തിക്കണ്ടി താഴെ പൊയില്‍ സുജാത, ഷാനിഷ് നാളൂര്‍താഴെ കുനിയില്‍ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റുള്ളവര്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി

തലയ്ക്ക് കുത്തേറ്റ സുജാത (45), തുണ്ടിയില്‍ ഷാനിഷ് (40) എന്നിവരെ തലശ്ശേരി ഗവ.ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചന്ദ്രി, സീന, ബാലകൃഷ്ണന്‍, എന്നിവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വാര്‍ഡുകളിലേക്ക് മാറ്റി.

കളത്തറയില്‍ ഒഴിഞ്ഞ പറമ്പില്‍ പണി എടുക്കുകയായിരുന്നു തൊഴിലാളികള്‍. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുക്കുന്നതിനിടെയാണ്‌ പരിസരത്തെ കടന്നല്‍ക്കൂട് പക്ഷികള്‍ അക്രമിച്ചത്. ഇതോടെ കൂട്ടത്തോടെ കടന്നലുകള്‍ ഇളകുകയും തൊഴിലാളികള്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. സുജാതയുടെ ശരീരമാസകലം കുത്തേറ്റതോടെ ഇവര്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. സുജാതയെ രക്ഷിക്കുന്നതിനിടെയാണ്‌ ഷാനിഷിന് കുത്തേറ്റത്. ഷാനിഷിനെ രക്ഷപ്പെടുത്തുന്നതിനിടെയാണ്‌ ഭാര്യ സൗമ്യയ്ക്കും കുത്തേറ്റത്. ഇതോടെ തൊഴിലാളികള്‍ ബഹളം വെക്കുകയും നാട്ടുകാര്‍ ഓടിയെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് മറ്റുള്ളവര്‍ക്ക് കുത്തേല്‍ക്കുന്നത്.

Description: Wasp attack in Thuneri Mudavantheri; 2 were seriously injured