ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും; വയനാട്ടിലും കോഴിക്കോടും ഉണ്ടായത് ഭൂചലനമോ, ആശങ്കയില്‍ ജനങ്ങള്‍
കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലിന്റെ ഭീതി അകലുന്നതിനിടയില്‍ വീണ്ടും ജനങ്ങളെ ആശങ്കയിലാക്കി ഭൂമിക്കടിയില്‍ നിന്നും പ്രകമ്പനം. ഇന്ന് രാവിലെ 10മണിയോടെയാണ് വയനാട്ടില അഞ്ച് പഞ്ചായത്തുകളില്‍ പ്രകമ്പനം അനുഭവപ്പെട്ടത്. പിന്നാലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെയും മാറ്റി തുടങ്ങിയിരുന്നു.
അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലും, വൈത്തിരി താലൂക്കിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളിലും സുല്‍ത്താൻ ബത്തേരി താലൂക്കിലെ നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലുമാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞത്.
പ്രകമ്പനത്തെ തുടര്‍ന്ന് അമ്പലവയല്‍ പഞ്ചായത്തിലെ ജിഎല്‍പി സ്‌ക്കൂളിന് അവധിയും നല്‍കിയിരുന്നു. നാട്ടുകാര്‍ പറഞ്ഞ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും പ്രകമ്പനമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇവിടങ്ങളളില്‍ ജിയോളജി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. മാത്രമല്ല വയനാട് ദുരന്ത ബാധിത മേഖലയിലും ഭൂമികുലുക്കത്തിന് സമാനമായ മുഴക്കവും പ്രകമ്പനവും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ തിരച്ചില്‍ നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വയനാട് ജില്ലയിലുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. നാഷണല്‍ സീസിമോളജിക്കല്‍ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. വയനാടിന് പിന്നാലെ കോഴിക്കോട് കൂടരഞ്ഞിയിലും മുക്കത്തും സമാനമായ പ്രകമ്പനം ഉണ്ടായതോടെ ആളുകള്‍ ആശങ്കയിലാണ്. രാവിലെ 10നും 10 .15നും ഇടയിലാണ് കൂടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായത്. ഒരു മിനിട്ടിനിടെ രണ്ട് തവണയാണ് ഇവിടങ്ങളില്‍ മുഴക്കമുണ്ടായത്. കാവിലുംപാറ കലങ്ങോട് പ്രദേശത്തും ഭൂമിക്കടിയില്‍ നിന്നും ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഭൂചലനമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.