കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ നിവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട് അടക്കം അഞ്ച് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മര്‍ദ്ദം സ്ഥിതി ചെയ്യുകയാണ്. ഇത് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വടക്കന്‍ ആന്ധ്രാ പ്രദേശ് – തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. തെക്കന്‍ കൊങ്കണ്‍ തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനിന്നിരുന്ന തീരദേശ ന്യുന മര്‍ദ്ദപാത്തിയും ദുര്‍ബലമായിട്ടുണ്ട്. കേരളത്തില്‍ ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പില്‍ പറയുന്നത്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം തെക്കന്‍ കേരളത്തിലെ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരീയ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.