കോഴിക്കോട് ജില്ലയില്‍ കൂടുന്നത് 132 വാര്‍ഡുകള്‍; ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി


കൊയിലാണ്ടി: തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി. ജില്ലയില്‍ 132 വാര്‍ഡുകളാണ് കൂടിയത്. പഞ്ചായത്ത് തലത്തില്‍ 117, ബ്ലോക്ക് പഞ്ചായത്ത് 14, ജില്ലാ പഞ്ചായത്ത് ഒന്ന് എന്നിങ്ങനെയാണ് വര്‍ധന. കോടഞ്ചേരി പഞ്ചായത്ത് ഒഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡുകള്‍ കൂടി.

പഞ്ചായത്തുകളിലെ 1343 വാര്‍ഡുകളില്‍ 688 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 183 ല്‍ 93ഉം സ്ത്രീ സംവരണമാണ്. പഞ്ചായത്തുകളില്‍ ഒന്ന് മുതല്‍ നാല് വരെയാണ് വാര്‍ഡുകള്‍ വര്‍ധിച്ചത്. പെരുമണ്ണയിലാണ് കൂടുതല്‍. നേരത്തെ 18 വാര്‍ഡായിരുന്നതിപ്പോള്‍ 22 ആയി. ഓരോ പഞ്ചായത്തിലും 14 മുതല്‍ 24 വരെയാണ് വാര്‍ഡുകളുള്ളത്. 10 പഞ്ചായത്തുകളില്‍ 24 വാര്‍ഡുണ്ട്.

പട്ടികജാതിക്ക് 106, പട്ടികവര്‍ഗം ആറ് എന്നിങ്ങനെയാണ് സംവരണം. പട്ടിക ജാതി സംവരണത്തില്‍ 38 എണ്ണം സ്ത്രീകള്‍ക്കാണ്. വളയം, നന്മണ്ട, വാണിമേല്‍, കൂടരഞ്ഞി, കോട്ടൂര്‍, കോടഞ്ചേരി എന്നീ പഞ്ചായത്തുകളിലാണ് പട്ടികവര്‍ഗ വാര്‍ഡുകള്‍. ഈ വിഭാഗത്തില്‍ ജില്ലയില്‍ സ്ത്രീ സംവരണമില്ല. വളയത്ത് നേരത്തെ ഉണ്ടായിരുന്ന വാര്‍ഡ് മാറിയതോടെ പട്ടികജാതി സംവരണമില്ലാത്ത പഞ്ചായത്തുകളുടെ എണ്ണം രണ്ടായി (വളയം, വാണിമേല്‍).

13 ബ്ലോക്ക് പഞ്ചായത്തുകളിലായി നേരത്തെ 169 ഡിവിഷനുകളുണ്ടായിരുന്നതിപ്പോള്‍ 183 ആയി. 22 വാര്‍ഡുകള്‍ പട്ടിക ജാതി സംവരണമാണ് (അഞ്ചെണ്ണം സ്ത്രീകള്‍). തദ്ദേശ വാര്‍ഡുകളുടെ പുനര്‍ ജനസംഖ്യക്ക് ആനുപാതികമായും ഭൂമിശാസ്ത്രപരമായ അതിരുകള്‍ പരിഗണിച്ചുമാണ് വിഭജനം നടത്തിയത്.

കീഴരിയൂര്‍ (14), തിക്കോടി (18), നൊച്ചാട് (18), ചങ്ങരോത്ത് (20), കായണ്ണ (14), കൂത്താളി (14), ചക്കിട്ടപ്പാറ (16), ചെങ്ങോട്ടുകാവ് (18), ചേമഞ്ചേരി (21), തുറയൂര്‍ (14) തുടങ്ങിയ പഞ്ചായത്തുകളില്‍ ഒരു വാര്‍ഡും, മേപ്പയ്യൂര്‍ (19), പേരാമ്പ്ര (21), അരിക്കുളം (15), മൂടാടി (20) തുടങ്ങിയ പഞ്ചായത്തുകളില്‍ രണ്ടുവാര്‍ഡുകള്‍ വീതവുമാണ് വര്‍ധിച്ചത്.

Description: Ward division in three-tier panchayats has been completed