മലപ്പുറത്തുനിന്നും കാല്‍നടയായി മക്കവരെ; വളാഞ്ചേരി സ്വദേശി ശിഹാബിന്റെ ഹജ്ജ് യാത്ര കൊയിലാണ്ടിയില്‍


കൊയിലാണ്ടി: മലപ്പുറത്തുനിന്നും കാല്‍നടയായി മക്കയിലേക്കെത്തണമെന്ന സ്വപ്‌നവുമായി യാത്ര തിരിച്ച വളാഞ്ചേരി സ്വദേശി ശിഹാബ് കൊയിലാണ്ടിയിലൂടെ കടന്നുപോയി. ഇന്നുവൈകുന്നേരം നാലുമണിയോടെയാണ് ശിഹാബ് കൊയിലാണ്ടിയില്‍ നിന്നും പോയത്.

രാവിലെ വെങ്ങളത്തുനിന്നും തുടങ്ങിയാണ് ഇന്നത്തെ യാത്ര. ഉച്ചയ്ക്ക് ഒരുമണിയോടെ കൊയിലാണ്ടി പഴയ ബസ്റ്റാന്റിന്റെ പുറകുവശത്തുള്ള പള്ളിയില്‍ ഉച്ചയ്ക്ക് വിശ്രമിച്ച് നാലുമണിയോടെയാണ് യാത്ര പുനരാരംഭിച്ചത്. വടകരയിലാണ് ഇന്നത്തെ യാത്രയുടെ സമാപനം.

ജൂണ്‍ രണ്ടാം തിയ്യതി വ്യാഴാഴ്ചയാണ് ശിഹാബ് തന്റെ സ്വപ്‌നത്തിലേക്കുള്ള നടത്തം തുടങ്ങിയത്. സുബഹി നമസ്‌കാരത്തിന് ഉറ്റവരോട് യാത്ര പറഞ്ഞ് ശിഹാബ് തിരിച്ചതാണ്. താണ്ടാനുള്ളത് 8640 കിലോമീറ്റര്‍ ദൂരമാണ്. 280 ദിവസം കൊണ്ട് ലക്ഷ്യത്തിലെത്തുമെന്നാണ് ശിഹാബിന്റെ കണക്കുകൂട്ടല്‍. 2023ലെ ഹജ്ജ് അതാണ് സ്വപ്നം.

കുട്ടിക്കാലം മുതലുള്ള ശിഹാബിന്റെ ആഗ്രഹമായിരുന്നു നടന്നുപോയി ഹജ്ജ് ചെയ്യുക എന്നത്. കേട്ടവരെല്ലാം ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പടച്ചോന്റെ കൃപയുണ്ടെങ്കില്‍ യാത്ര വിജയിക്കുമെന്ന് ശിഹാബ് മറുപടി നല്‍കി. ഉമ്മ സൈനബയും ഭാര്യ ഷബ്‌നയും ശിഹാബിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. ഒന്‍പത് മാസത്തെ ആലോചനയിലൂടെയാണ് യാത്ര ആസുത്രണം ചെയ്തത്.

അത്യാവശ്യസാധനങ്ങള്‍ മാത്രമേ ശിഹാബിന്റെ കൈയിലുള്ളൂ. ഭക്ഷണവും അന്തിയുറക്കവും വഴിയരികിലെ പള്ളികളിലും മറ്റുമാണ്.

വാഗാ അതിര്‍ത്തി വഴി പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലുള്ള സുഹൃത്തുവഴിയാണ് അഞ്ച് രാജ്യങ്ങളുടെയും വിസ ശരിയാക്കിയത്.

രേഖകള്‍ ശരിയാക്കാന്‍ റംസാന്‍കാലത്തുള്‍പ്പെടെ 40-ലേറെ ദിവസങ്ങള്‍ ജ്യേഷ്ഠന്‍ അബ്ദുള്‍ മനാഫിനൊപ്പം ഡല്‍ഹിയില്‍ തങ്ങി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെയും കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ.യുടെയും സഹായം കിട്ടി. പ്രവാസി സംഘടനയായ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററും (കെ.എം.സി.സി.) സഹായിച്ചു.

പ്ലസ്ടു, അക്കൗണ്ടന്‍സി കോഴ്സുകള്‍ കഴിഞ്ഞശേഷം സൗദിയില്‍ ആറു വര്‍ഷം ജോലി ചെയ്ത ശിഹാബ് അക്കാലത്ത് ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിട്ടില്ല. സൗദിയില്‍നിന്ന് വന്നശേഷം നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. പത്തു കിലോ മാത്രം ഭാരംവരുന്ന സാധനങ്ങളാണ് യാത്രയില്‍ കൂട്ട്. നാലു സെറ്റ് കനം കുറഞ്ഞ വസ്ത്രങ്ങള്‍, സ്ലീപ്പിങ് ബാഗ്, കുട തുടങ്ങി അത്യാവശ്യസാധനങ്ങള്‍മാത്രമാണ് കയ്യില്‍ കരുതിയത്.