ആരോഗ്യ ജീവിതത്തിലേക്ക് നടക്കാം; വരിക്കോളിയിൽ റോഡ് ടു ഹെൽത്ത് പരിപാടിക്ക് തുടക്കമായി


നാദാപുരം: പ്രതിഭ ലൈബ്രറി വരിക്കോളി സംഘടിപ്പിക്കുന്ന റോഡ് ടു ഹെൽത്ത് ( ആരോഗ്യ ജീവിതത്തിലേക്ക് നടക്കാം ) പരിപാടിക്ക് തുടക്കമായി. നാട്ടുകാരിൽ വ്യായാമത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും, ഗ്രാമത്തിലെ മുഴുവൻ ആളുകളെയും പ്രഭാത വ്യായാമത്തിൽ അണിനിരത്തുന്നതിനുമായാണ് പരിപാടിക്ക് തുടക്കമിട്ടത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ റോഡ് ടു ഹെൽത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പുതുതായി കോൺക്രീറ്റ് ചെയ്ത റോഡിന്റെ ഇരുവശവും ചെടികൾ വച്ചു പിടിപ്പിച്ചും, ആരോഗ്യ സംരക്ഷണ മുദ്രാവാക്യങ്ങൾ പ്രദർശിപ്പിച്ചും, അലങ്കാര പണികൾ നടത്തിയും ആണ് വരിക്കോളിയിൽ വ്യായാമ കേന്ദ്രം ഒരുക്കിയത്. പരിപാടിയുടെ ഭാഗമായി എയ്റോബിക്, നോൺ എയ്റോബിക് വ്യായാമങ്ങളുടെ പരിശീലനം, ആരോഗ്യ ക്ലാസുകൾ, പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് രുചികരവും പോഷകസമൃദ്ധവുമായ ആഹാരങ്ങൾ പാചകം ചെയ്യുന്നതിനുള്ള പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

വാർഡ് മെമ്പർ ടി ലീന അധ്യക്ഷയായി. കെ രാജൻ മാസ്റ്റർ, എ കെ ഹരിദാസൻ, എ കെ ബൈജു എ കെ അഭിലാഷ് എന്നിവർ സംസാരിച്ചു.