സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളിലെ മികവ്; ലക്ഷ്മി മജുംദാര്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായി വാകയാട് എച്ച്.എസ്.എസ്. സ്‌കൗട്ട് ഗ്രൂപ്പ്


പേരാമ്പ്ര: 2022 വര്‍ഷത്തെ ലക്ഷ്മി മജുംദാര്‍ ദേശീയപുരസ്‌കാരത്തിന് വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ട്രൂപ്പ് അര്‍ഹരായി. സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളില്‍ മികവിനാണ് പുരസ്‌കാരം. ന്യൂഡല്‍ഹിയില്‍ നടന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന ഭാരവാഹികള്‍ ട്രൂപ്പിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. തിരൂരില്‍ നടക്കുന്ന സംസ്ഥാന കബ്ബ്, ബുള്‍ബുള്‍ ഉത്സവത്തിലാണ് ട്രൂപ്പിനുള്ള അവാര്‍ഡ് സമ്മാനിക്കുക.

ലഹരിവിരുദ്ധ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍, ഹരിതാഭം, ട്രാഫിക് ബോധവത്കരണപ്രവര്‍ത്തനങ്ങള്‍, വേലയില്‍ വിളയുന്ന വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികള്‍ സ്‌കൂള്‍ നടപ്പാക്കിയിരുന്നു. ഇത്തരം മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

സി.എം. ഷീല്‍ഡ് പുരസ്‌കാരം, സാനിറ്റേഷന്‍ പ്രമോഷന്‍ മത്സരത്തില്‍ ഒന്നാംസ്ഥാനം, ജില്ലാ നവനിര്‍മാണ്‍ ക്യാമ്പ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി ഒട്ടേറെ ബഹുമതികളും ട്രൂപ്പിനെ തേടിയെത്തിയിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ ഡോ. പി ആബിദ, സ്‌കൗട്ട് മാസ്റ്റര്‍ എം സതീഷ് കുമാര്‍, ട്രൂപ്പ് ലീഡര്‍ നവീന്‍ തേജസ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.