കൂലിവർധന; വടകരയിലെ പീടിക തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്


വടകര: കൂലിവർധന ആവശ്യപ്പെട്ട് പീടിക തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. വടകര മേഖലയിലെ കച്ചവട സ്ഥാപനങ്ങളിൽ ജോലിചെയ്തുവരുന്ന തൊഴിലാളികളുടെ വേതന വർധനവ് സംബന്ധിച്ച് യൂണിയനും വ്യാപാര സംഘടനകളും ഉണ്ടാക്കിയ കരാർ കഴിഞ്ഞ ഡിസംബർ 31ന് അവസാനിച്ചതാണ്. വേദന വർധനവ് സംബന്ധിച്ച് യൂണിയൻ ബന്ധപ്പെട്ട അസോസിയേഷനുകൾക്ക് നോട്ടീസ് നൽകിയിരുന്നു.

എന്നാൽ,അനുകൂലമായ ഒരു മറുപടി യൂണിയന് ലഭിച്ചിരുന്നില്ല. തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്ന കൂലിയിൽ 100 രൂപ വർധന 2024 ആഗസ്ത് മുതൽ നടപ്പാക്കാൻ ബന്ധപ്പെട്ട സ്ഥാപന ഉടമകളോട് യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാനാണ് കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ സിഐടിയു വടകര ഏരിയാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.