വരു….വൃക്കരോഗത്തെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാം; തണല്‍ ഒരുക്കുന്ന ‘വൃക്കക്കൊരു തണല്‍ 2024’ മെഡിക്കല്‍ എക്‌സ്‌പോയ്ക്ക്‌ വടകരയില്‍ തുടക്കം


വടകര: തണല്‍ ഒരുക്കുന്ന ‘വൃക്കക്കൊരു തണല്‍ 2024’ മെഡിക്കല്‍ എക്‌സ്‌പോയ്ക്ക്‌ തുടക്കമായി. വടകര ടൗണ്‍ഹാളില്‍ ഇന്നലെ 10മണിയോടെ കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീളുന്ന പരിപാടിയില്‍ പ്രവേശനവും പരിശോധനയും സൗജന്യമാണ്. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്, എം.വി.ആർ ക്യാൻസർ സെൻറർ, എക്സൈസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി.

പതിനേഴ് പവിലിയനുകളാണ് എക്‌സ്‌പോയില്‍ ഒരുക്കിയിരിക്കുന്നത്. ഒന്ന്, രണ്ട് പവലിയനിൽ എന്താണ് വൃക്ക, വൃക്കയുടെ ഘടന, പ്രവർത്തനങ്ങൾ എന്നിവയാണ് വിശദീകരിക്കുന്നത്‌. മൂന്ന്, നാല് അഞ്ച് പവലിയനിൽ വൃക്കയ്ക്ക് സംഭവിക്കുന്ന ക്ഷതങ്ങൾ, ബാധിക്കുന്ന രോഗങ്ങൾ കാരണങ്ങൾ എന്നിവ മനസ്സിലാക്കാം.

ലാബ് പരിശോധന, വൃക്കരോഗചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ, ശരിയായ കിഡ്‌നിയും മാതൃകാചികിത്സയും തത്സമയം കാണിക്കൽ, ജീവിതശൈലീരോഗ ബോധവത്കരണം, എം.വി.ആർ. കാൻസർ സെന്റർ ഒരുക്കുന്ന പവലിയൻ, മലബാർ കാൻസർ സെന്ററിന്റെ കാൻസർരോഗവും പ്രതിരോധവും-വൊളന്റിയർമാർക്കുള്ള പരിശീലനം, വായയിലെ കാൻസർ പരിശോധന, എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ കാമ്പയിൻ, തണൽ ഇടപെടുന്ന മേഖലയെക്കുറിച്ചുള്ള വിവരങ്ങൾ, വൃക്കരോഗത്തെക്കുറിച്ച് പ്രതാപ് മൊണാലിസ സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദർശനം എന്നിവയാണ് തുടർന്നുള്ള പവലിയനുകളിൽ ഒരുക്കിയിരിക്കുന്നത്. പ്രദർശനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്‌ മുൻകൂട്ടി ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9946051852.

Description: ‘Vrikaykoru Thanal 2024’ medical expo starts in Vadakara