വൃക്കരോഗത്തെ നേരത്തെ തിരിച്ചറിയാം പ്രതിരോധിക്കാം; വടകരയില്‍ ‘വൃക്കക്കൊരു തണല്‍ 2024’ മെഡിക്കൽ എക്സ്​പോയുമായി തണല്‍


വടകര: ഭക്ഷണത്തിലെയും ജീവിതരീതിയിലെയും മാറ്റങ്ങള്‍ കാരണം ഇക്കാലത്ത് ചെറുപ്പക്കാരിലും വൃക്കരോഗം വര്‍ധിച്ചു വരികയാണ്. വൃക്കരോഗങ്ങള്‍ പലപ്പോഴും നേരത്തെ പ്രകടമാകാത്തതിനാല്‍ രോഗം അതിന്റെ അവസാന ഘടത്തില്‍ എത്തുമ്പോഴാണ് സ്ഥിരീകരിക്കുന്നത്. അതുകൊണ്ടുതന്നെ രോഗം സ്ഥിരീകരിക്കുന്നതോടെ രോഗികള്‍ അമിതമായ ഉത്കണ്ഠിലേക്കും വിഷാദരോഗത്തിലേക്കും വഴിമാറാറുണ്ട്.

നാട്ടില്‍ വൃക്കരോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വടകരയില്‍ മെഡിക്കല്‍ എക്‌സ്‌പോ സംഘടിപ്പിക്കുകയാണ് തണല്‍. ഒക്ടോബര്‍ 3,4,5 തീയതികളിലായി വടകര ടൗണ്‍ഹാളിലാണ് ‘വൃക്കക്കൊരു തണല്‍ 2024’ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10മണി മുതല്‍ ഏഴ് മണിവരെ സംഘടിപ്പിക്കുന്ന എക്‌സ്‌പോയില്‍ പ്രധാനമായും, വൃക്കരോഗം, കാൻസർ എന്നിവയെകുറിച്ചുള്ള അറിവും ബോധവൽക്കരണവുമാണ് നടക്കുക.

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്, എം.വി.ആർ ക്യാൻസർ സെൻറർ, എക്സൈസ് വകുപ്പ് എന്നിവരുടെ
സഹകരണത്തോടെയാണ് പരിപാടി. എക്‌സ്‌പോ ഉദ്ഘാടനം ഒക്ടോബർ 3ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കെ.കെ രമ എംഎൽഎ നിർവഹിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി പ്രസിഡന്റ്‌ രമേശൻ പാലേരി, തണൽ ചെയർമാൻ ഡോ: വി. ഇദ്രീസ്, നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു, പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.പി ചന്ദ്രശേഖരൻ, പി ശ്രീജിത്ത്, സബിത മണക്കുനി, ടി.പി മിനിക, കെ.കെ ബിജുള, എൻ പത്മിനി, ടി.കെ അഷ്റഫ്, എൻ അബ്ദുൽ ഹമീദ് തുടങ്ങിയവർ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിൽ വൃക്ക രോഗമുക്ത, കാൻസർ മുക്ത വടകരക്കായി ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിന്റെ പ്രഖ്യാപനവും വടകരയിലെ വിവിധ കോളേജുകളിലെ വളണ്ടിയമാരെ സംഘടിപ്പിച്ചു നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനയായ ഇലയുടെ ലോഞ്ചിങ്ങും നടക്കും.

Description: Vrikakoru Thanal 2024' medical expo at Vadakara